GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജി-7 ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയെ ക്ഷണിച്ചതായി റിപ്പോര്‍ട്ട്

ജിദ്ദ – കാനഡയിലെ കനാനാസ്‌കിസില്‍ ജൂണ്‍ 15 മുതല്‍ 17 വരെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ക്ഷണിച്ചതായി കനേഡിയന്‍ പത്രമായ ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് നയതന്ത്രത്തില്‍ സൗദി അറേബ്യ പ്രധാന പങ്കാളിയാണെന്ന വസ്തുത കണക്കിലെടുത്താണ് ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയെ ക്ഷണിച്ചത്


ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ കിരീടാവകാശി തീവ്രമായ ശ്രമങ്ങള്‍ നടത്തിയതായി പത്രം പറഞ്ഞു. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യ, ഉക്രൈന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ തമ്മില്‍ ആദ്യമായി നടന്ന സുപ്രധാന ചര്‍ച്ചകള്‍ക്കും സൗദി കിരീടാവകാശി ആതിഥേയത്വം വഹിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് കാനഡയില്‍ നിന്ന് ക്ഷണം ലഭിച്ചതായി അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ ബ്ലൂംബെര്‍ഗും സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംഘര്‍ഷങ്ങളില്‍ (ഗാസ, ഉക്രൈന്‍-റഷ്യ യുദ്ധം) പ്രധാന പങ്കാളിയായ സൗദി അറേബ്യയുടെ തന്ത്രപരമായ പ്രാധാന്യം അവഗണിക്കുന്നത് ബുദ്ധിമുട്ടാണ്. ആഗോള ഊര്‍ജ വിപണിയുടെ സ്ഥിരതക്ക് ഉറച്ച അടിത്തറയായി സൗദി എണ്ണ ഉല്‍പാദനം നിലനില്‍ക്കുന്നു. വിഷന്‍ 2030 പദ്ധതി സാങ്കേതികവിദ്യയും ടൂറിസവും അടക്കമുള്ള സുപ്രധാന മേഖലകളില്‍ സൗദി അറേബ്യയെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഈ അവസരങ്ങളില്‍ ഒരു ഭാഗം പ്രയോജനപ്പെടുത്താന്‍ കാനഡയും ആഗ്രഹിക്കുന്നു.

സംഘര്‍ഷങ്ങളും സുരക്ഷാ ദുര്‍ബലതയും നിറഞ്ഞ ലോകത്ത് ക്രിയാത്മകമായ പങ്ക് വഹിക്കുന്ന ആഗോള ശക്തിയായി സൗദി അറേബ്യയെ ജി-7 ഉച്ചകോടി സ്ഥിരീകരിക്കുമെന്ന് നയതന്ത്ര നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍, ഗാസയില്‍ മാനുഷിക ഇടനാഴികള്‍ തുറക്കാനും ഉപരോധിക്കപ്പെട്ട ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ എന്നിവ അടക്കം മിഡില്‍ ഈസ്റ്റില്‍ സൗദി അറേബ്യ വഹിക്കുന്ന നയതന്ത്ര ശ്രമങ്ങളുടെ പങ്ക് ജി-7 ഉച്ചകോടിയില്‍ കിരീടാവകാശി വ്യക്തമാക്കുമെന്ന് നയതന്ത്ര നിരീക്ഷകര്‍ പറഞ്ഞു.


സൗദി അറേബ്യയുടെ വിശാലമായ അഭിലാഷത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈ ശ്രമങ്ങളെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ദി ഇക്കണോമിക് ടൈംസ് വിശദീകരിച്ചു.


റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ജി-7 നേതാക്കള്‍ക്കു മുന്നില്‍ കിരീടാവകാശി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കിരീടാവകാശിയുടെ ശ്രമങ്ങളുടെ ഭാഗമായി വിഷന്‍ 2030 പദ്ധതിയുടെ വിശാലമായ രൂപരേഖകള്‍, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍, നിയോം സിറ്റി പദ്ധതി അടക്കമുള്ള സ്മാര്‍ട്ട് സിറ്റികള്‍, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപവസരങ്ങള്‍ എന്നിവയെ കുറിച്ച് ജി-7 ഉച്ചകോടിയില്‍ കിരീടാവകാശി അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!