GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ വിശാലമായ പ്രദേശത്ത് ഒരു വീട് മാത്രം പൊളിക്കാതെ നിലനിര്‍ത്തിയത് വിസ്മയമാകുന്നു

ജിദ്ദ – നഗരമധ്യത്തിലെ ഹിന്ദാവിയ ഡിസ്ട്രിക്ടില്‍ ചേരിവികസന പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ വിശാലമായ പ്രദേശത്ത് ഒരു വീട് മാത്രം പൊളിക്കാതെ നിലനിര്‍ത്തിയത് വിസ്മയമാകുന്നു. ഈ വീടിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. സാംസ്‌കാരിക മന്ത്രാലയം ഇടപെട്ടാണ് ഈ വീട് പൊളിക്കുന്നത് തടഞ്ഞതെന്ന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു. ഈ വീടിന് 90 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് ജിദ്ദയിലെ പ്രധാന തടി വ്യാപാരികളില്‍ ഒരാളായ ശൈഖ് അബൂനസീബിന്റെ കൊട്ടാരമായിരുന്നു അത്.


ജിദ്ദയില്‍ വ്യാപാരം വികസിപ്പിക്കുന്നതില്‍ ശൈഖ് അബൂനസീബ് പ്രധാന പങ്കുവഹിച്ചു. ജിദ്ദയില്‍ നിരവധി മസ്ജിദുകളും സ്‌കൂളുകളും നിര്‍മിക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചു. ഓള്‍ഡ് ജിദ്ദ ബലദില്‍ ശൈഖ് അബൂനസീബിന് വലിയ വീടും പെട്രോമിന്‍ ഡിസ്ട്രിക്ടില്‍ അബൂനസീബ് ഓര്‍ച്ചാര്‍ഡ് എന്ന പേരില്‍ വലിയ കായ്കനിതോട്ടവും ഉള്‍പ്പെടെ സ്വത്തുക്കള്‍ ഉണ്ടായിരുന്നു. ശൈഖ് അബൂനസീബ് അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും ഉദാരമതിയുമായിരുന്നു – ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.

പൈതൃകവും ചരിത്രപരവുമായ മൂല്യം കാരണമാണ് ഈ കെട്ടിടം പൊളിക്കാതെ നിലനിര്‍ത്തിയതെന്ന ധാരണ ഈ വീടിന്റെ രൂപകല്‍പന നല്‍കുന്നതായി മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. ഞാന്‍ ജിദ്ദ അല്‍ഹിന്ദാവിയയില്‍ ജനവിച്ചുവളര്‍ന്ന് താമസിക്കുന്ന ആളാണ്. ഇത് അബൂനസീബിന്റെ കൊട്ടാരമാണ്. ജിദ്ദയിലെ പുരാതന പൈതൃക വീടുകളില്‍ ഒന്നാണിത്. അധികം ദൂരെയല്ലാതെ മറ്റൊരു വീടും ഇതേപോലെ പൊളിക്കാതെ നിലനിര്‍ത്തിയിട്ടുണ്ട്. അല്‍ജീലാനി ഹൗസ് ആണത് – വേറൊരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!