GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹജ് കര്‍മങ്ങളുമായി അടുത്ത ബന്ധമുള്ള ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് മിനാ താഴ്‌വര; ചരിത്രവും പ്രാധാന്യവും

ഹജ് കര്‍മങ്ങളുമായി അടുത്ത ബന്ധമുള്ള ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് മിനാ താഴ്‌വര. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം കാരണം മിനാക്ക് ലോക മുസ്‌ലിംകളുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനമാണുള്ളത്. പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെ കാലം മുതല്‍ ഇന്നുവരെയുള്ള കാലങ്ങളുടെ തുടര്‍ച്ചക്കും കര്‍മങ്ങളുടെ വികാസത്തിനും ജീവിക്കുന്ന സാക്ഷിയാണ് മിനാ താഴ്‌വര.


വിശുദ്ധ ഹറമില്‍ നിന്ന് ഏകദേശം ഏഴു കിലോമീറ്റര്‍ അകലെ മക്കക്കും മുസ്ദലിഫക്കും ഇടയിലാണ് മിനാ സ്ഥിതി ചെയ്യുന്നത്. എല്ലാ വശങ്ങളിലും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട അനുഗ്രഹീത താഴ്വരയാണിത്. ഹജ് ദിവസങ്ങളില്‍ മിനാ താഴ്‌വര വിശ്വാസത്താല്‍ സ്പന്ദിക്കുന്നു. ഇവിടെ തീര്‍ഥാടക ലക്ഷങ്ങള്‍ തശ്രീഖിന്റെ രാത്രികള്‍ ചെലവഴിക്കുക, ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുക, ബലിയര്‍പ്പിക്കുക, മുടി മുറിക്കുക തുടങ്ങിയ സുപ്രധാന കര്‍മങ്ങള്‍ നടത്തുന്നു.

ഭൂമിശാസ്ത്രപരമായ സ്വഭാവത്താലും അല്ലാഹുവിന്റെ അതിഥികള്‍ നടത്തുന്ന കര്‍മങ്ങളാലും സമ്പന്നമായ വ്യതിരിക്തമായ സ്ഥലസ്വത്വം മിനാക്കുണ്ട്. ആധുനിക ഹജ് സംവിധാനത്തിന്റെ മുഖമുദ്രയായി മിനാ താഴ്‌വരയുടെ വശങ്ങളില്‍ നിരന്നിരിക്കുന്ന വെളുത്ത കൂടാരങ്ങള്‍ മാറിയിരിക്കുന്നു. സുരക്ഷിതവും കാര്യക്ഷമവുമായ അന്തരീക്ഷത്തില്‍ ദശലക്ഷക്കണക്കിന് തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിലക്ക് സുരക്ഷയുടെയും സുഖസൗകര്യങ്ങളുടെയും ഉയര്‍ന്ന നിലവാരം അനുസരിച്ചാണ് തമ്പുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.


മുന്‍ കാലങ്ങളില്‍ മിനായിലെ കൂടാരങ്ങള്‍ തുണി, മരം എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരുന്നത്. ഇവയില്‍ സുരക്ഷയും സുഖസൗകര്യങ്ങളും ഇല്ലായിരുന്നു. ഹജിനു ശേഷം അവ പൊളിച്ചുമാറ്റകയായിരുന്നു പതിവ്. ഇന്ന് മിനായില്‍ ചൂടും തീജ്വാലയും പ്രതിരോധിക്കുന്ന ഫൈബര്‍ഗ്ലാസ് കൊണ്ട് നിര്‍മിച്ച ഒരു ലക്ഷത്തിലേറെ സ്ഥിരമായ തമ്പുകളുണ്ട്. ഇവ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതും, പ്രവേശനം സുഗമമാക്കുകയും സുരക്ഷയും സംഘാടനവും മെച്ചപ്പെടുത്തുകയും ചെയ്യുന്ന കൃത്യമായ നമ്പറിംഗ് സംവിധാനത്തിന് വിധേയവുമാണ്.

താമസം, ആരോഗ്യം, സുരക്ഷ, ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ എന്നിവയുടെ സംയോജിത സംവിധാനം നല്‍കുന്ന ഏകീകൃത നഗര ഭൂപ്രകൃതിയില്‍ ഏകദേശം 25 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ടെന്റുകള്‍ മിനായില്‍ വ്യാപിച്ചുകിടക്കുന്നു. ഇത് ഹജ് ദിവസങ്ങളില്‍ ജീവിതം കൊണ്ട് സ്പന്ദിക്കുന്ന താല്‍ക്കാലിക സംയോജിത നഗരമാക്കി മിനായെ മാറ്റുന്നു.
ഏതാനും നിലകളിലായി വ്യാപിച്ചുകിടക്കുന്ന 950 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയുമുള്ള ജംറ പാലത്തിന് മണിക്കൂറില്‍ മൂന്നു ലക്ഷത്തിലേറെ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. ഇത് കല്ലേറ് കര്‍മത്തിന്റെ തിരക്കേറിയ സമയത്ത് കാര്യക്ഷമമായ നിലക്ക് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രാപ്തമാക്കുകയും തിരക്കും തിരക്കും കുറക്കുകയും ചെയ്യുന്നു.

എല്ലാ ദിശകളില്‍ നിന്നുമുള്ള ഒന്നിലധികം പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും, എസ്‌കലേറ്ററുകള്‍, എമര്‍ജന്‍സി ഇടനാഴികള്‍ എന്നിവയുള്‍പ്പെടെ ആള്‍ക്കൂട്ടത്തിന്റെ നീക്കം നിയന്ത്രിക്കാനുള്ള ഒന്നിലധികം മാര്‍ഗങ്ങള്‍ ജംറ പാലത്തിലുണ്ട്. ജനസാന്ദ്രത നിരീക്ഷിക്കാനും മനുഷ്യപ്രവാഹം ഓരോ നിമിഷവും നിയന്ത്രിക്കാനുമുള്ള വിപുലമായ നിരീക്ഷണ ക്യാമറകളുടെയും കൃത്രിമബുദ്ധിയുടെയും സംവിധാനവും ജംറയിലുണ്ട്.
ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് പോയിന്റുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ചൂടിന്റെ ആഘാതം കുറക്കാനുള്ള തണല്‍ കുടകള്‍, പാലത്തിന് ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വാട്ടര്‍ സ്‌പ്രേ രീതിയെ ആശ്രയിക്കുന്ന നൂതന തണുപ്പിക്കല്‍ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള സംയോജിത സേവന സൗകര്യങ്ങളും ജംറ പാലത്തിലുണ്ട്. ഈ സംവിധാനങ്ങള്‍ ആള്‍ക്കൂട്ട നീക്കം സുഗമമാക്കുകയും തീര്‍ഥാടകരെ സേവിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ എടുത്തുകാണിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ ഇബ്രാഹിം നബി സാത്താനെ നേരിട്ടതുമായി ബന്ധപ്പെട്ട കല്ലെറിയല്‍ കര്‍മത്തിന് ജംറ പാലം സൗകര്യമൊരുക്കുന്നു.


മിനായിലെ അല്‍ഖൈഫ് മസ്ജിദിന് അതിന്റെ മതപരവും ചരിത്രപരവുമായ പ്രാധാന്യത്തെ അടിസ്ഥാനമാക്കി ഇസ്‌ലാമികകാര്യ മന്ത്രാലയത്തില്‍ നിന്ന് വലിയ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നു. മുഹമ്മദ് നബി (സ) നമസ്‌കാരം നിര്‍വഹിച്ച സ്ഥലങ്ങളില്‍ ഒന്നാണിത്. ഇത് പുണ്യസ്ഥലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക അടയാങ്ങളില്‍ ഒന്നാക്കി അല്‍ഖൈഫ് മസ്ജിദിനെ മാറ്റുന്നു. 23,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അല്‍ഖൈഫ് മസ്ജിദില്‍ ഒരേസമയം 27,000 ലേറെ പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയും. പള്ളിക്ക് നാലു മിനാരങ്ങളും ഒമ്പതു പ്രധാന വാതിലുകളും ആറു എമര്‍ജന്‍സി വാതിലുകളുമുണ്ട്. പുരുഷന്മാര്‍ക്ക് 1,440 ടോയ്‌ലെറ്റുകളും സ്ത്രീകള്‍ക്ക് 300 ടോയ്‌ലെറ്റുകളും 95 ബോധവല്‍ക്കരണ സ്‌ക്രീനുകളും നാലു ഡിജിറ്റല്‍ ലൈബ്രറികളും 40 നിരീക്ഷണ ക്യാമറകളും 166 അഗ്‌നിശമന ഉപകരണങ്ങളും 373 സ്പ്ലിറ്റ് എയര്‍ കണ്ടീഷനിംഗ് യൂനിറ്റുകളും 14 സെന്‍ട്രല്‍ വെന്റിലേഷന്‍ യൂനിറ്റുകളും പുതുതായി വിരിച്ച 1,400 കാര്‍പെറ്റുകളും മസ്ജിദിലുണ്ട്.


ഇസ്ലാമിന്റെ ഉദയം മുതല്‍ മിനായുടെ ചരിത്രം തുടര്‍ച്ചയായ പരിചരണത്തിന് സാക്ഷ്യം വഹിച്ചു. ഖലീഫമാരും ശേഷം വന്ന മുസ്‌ലിം ഭരണാധികാരികളും മിനായെ പരിപാലിക്കുകയും അവിടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി മിനാ താഴ്‌വര മുസ്‌ലിം സമുദായത്തിന്റെ ഹൃദയങ്ങളില്‍ സജീവായി നിലനിന്നുപോന്നു. സൗദി അറേബ്യ പുണ്യസ്ഥലങ്ങളുടെ പരിചരണ ചുമതല ഏറ്റെടുത്തതോടെ തീര്‍ഥാടക അനുഭവത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ഉയര്‍ന്ന തലത്തിലുള്ള സുഖസൗകര്യങ്ങളും സുരക്ഷയും കൈവരിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ദര്‍ശനത്തിന്റെ ഭാഗമായി മിനായില്‍ അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും പ്രധാന പരിവര്‍ത്തനങ്ങള്‍ വരുത്തി.

മിനായില്‍ ത്യാഗത്തിന്റെ അര്‍ഥങ്ങള്‍ വെളിപ്പെടുന്നു. ദൈവത്തോടുള്ള നിരുപാധിക അനുസരണത്തിന്റെ ഇതിഹാസങ്ങള്‍ ഇവിടെ എഴുതപ്പെട്ടിരിക്കുന്നു. എല്ലാ ഹജ് സീസണുകളിലും ശാന്തിയുടെ പ്രതീകമായും ഭക്തിയുടെ സ്ഥലമായും മുസ്‌ലിം സമുദായത്തിന്റെ ഓര്‍മയില്‍ മിനാ തുടരുന്നു. സ്രഷ്ടാവിന്റെ ആകാശവും ഭൂമിയും പരസ്പരം ആലിംഗനം ചെയ്യുന്ന ഈ മണ്ണില്‍ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസങ്ങളില്‍ ദൈവീക കീര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും മുഴുകി തീര്‍ഥാടകര്‍ രാപകലുകള്‍ ചെലവഴിക്കുന്നു. ശാന്തതയും ആശ്വാസവും നിറഞ്ഞ വിശ്വാസത്തിന്റെ അന്തരീക്ഷത്തില്‍ ഹജ് കര്‍മത്തിന്റെ മഹത്വം ഹാജിമാര്‍ അനുഭവിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!