മക്ക – കടുത്ത ചൂട് അനുഭവപ്പെടുന്ന കാര്യം കണക്കിലെടുത്ത് ഇത്തവണത്തെ ഹജ് സീസണില്‍ മക്കയിലെ മസ്ജിദുകളില്‍ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാന്‍ മസ്ജിദുകളിലെയും ജുമാമസ്ജിദുകളിലെയും ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖയോട് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു.

മക്ക, വിശുദ്ധ ഹറമിനു സമീപത്തെ സെന്‍ട്രല്‍ ഏരിയ, പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഹജ് തീര്‍ഥാടകര്‍ പതിവായി എത്തുന്ന എല്ലാ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഇത് നടപ്പാക്കും. ഹജ് സീസണില്‍ ഈ പള്ളികളില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതും അനുകൂലവും മതപരവുമായ അന്തരീക്ഷത്തില്‍ ഹജ് നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആശ്വാസം നല്‍കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ കണക്കിലെടുത്തുമാണ് മക്കയിലെ മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറച്ചത്.
ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം കുറച്ചതില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. സുബ്ഹി നമസ്‌കാരത്തിന് ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം 15 മിനിറ്റായാണ് കുറച്ചിരിക്കുന്നത്. ദുഹ്ര്‍, അസര്‍, ഇശാ നമസ്‌കാരങ്ങളില്‍ ഇത് 10 മിനിറ്റും മഗ്രിബ് നമസ്‌കാരത്തിന് അഞ്ചു മിനിറ്റുമാണ്. ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസിന്റെ നിര്‍ദേശാനുസരണം ദുല്‍ഹജ് ഒന്നു മുതല്‍ ഹജ് സീസണ്‍ അവസാനിക്കുന്നതു വരെയുള്ള കാലത്ത് വിശുദ്ധ ഹറമിലും വെള്ളിയാഴ്ച ജുമുഅ ഖുതുബ, നമസ്‌കാര സമയവും മറ്റു നമസ്‌കാരങ്ങളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയവും കുറച്ചിട്ടുണ്ട്.