റിയാദ്: മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് മാസപ്പിറിവി നിരീക്ഷിക്കണമെന്ന് അറിയിച്ചിരുന്നു. സൂര്യാസ്തമയത്തിന് ശേഷം ഇന്ന് ചന്ദ്രന്‍ 37 മിനുട്ട് ചക്രവാളത്തിലുണ്ടായിരുന്നു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 6.02ന് ഉദിക്കുന്ന ചന്ദ്രന്‍ വൈകുന്നേരം 7.38 നാണ് അസ്തമിക്കുക. സൂര്യന്‍ 6.38ന് അസ്തമിക്കും. തുമൈർ, സുദൈർ, മക്ക, മദീന, ഖസീം, ദഹ്റാൻ, ഹായിൽ, തബൂക്ക് എന്നിവടങ്ങളിലാണ് മാസപ്പിറവി നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിരുന്നത്. മാസപ്പിറവി ദർശിക്കുന്നതിനായി പ്രൊഫഷണൽ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ജ്യോതിശാസ്ത്രജ്ഞനായ അബ്ദുല്ല അൽ ഖുദൈരിയാണ് നേതൃത്വം നൽകിയത്. ഒമാനിൽ ജൂൺ ആറിനാണ് ബലി പെരുന്നാൾ.

അതേസമയം, തിങ്കളാഴ്ച അര്‍ധ രാത്രി വരെ വിദേശങ്ങളില്‍ നിന്ന് 11,02,469 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 10,44,341 പേര്‍ വിമാന മാര്‍ഗവും 53,850 പേര്‍ കര മാര്‍ഗവും 4,278 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയത്. ഹജ് തീര്‍ഥാടകരെ സേവിക്കാനായി വിശുദ്ധ ഹറമില്‍ നാലായിരത്തിലേറെ വളണ്ടിയര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. 41 സര്‍ക്കാര്‍, സിവില്‍, നോണ്‍-പ്രോഫിറ്റ് സ്ഥാപനങ്ങളെയും വകുപ്പുകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് 4,192 വളണ്ടിയര്‍മാരാണ് ഹാജിമാരെ സേവിക്കാനായി 12 വ്യത്യസ്ത മേഖലകളിലായി 32 സന്നദ്ധസേവന അവസരങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നത്.
വീല്‍ചെയറുകള്‍ തള്ളല്‍, ആരോഗ്യ, അടിയന്തര സേവനങ്ങള്‍, സുരക്ഷ, ബോധവല്‍ക്കരണം, പൊതുസേവനം, സാമൂഹിക സേവനങ്ങള്‍ എന്നിങ്ങിനെ വ്യത്യസ്ത മേഖലകളില്‍ വളണ്ടിയര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. ഹറമിലും മുറ്റങ്ങളിലും ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും നീക്കങ്ങള്‍ സുഗമമാക്കാനും സുപ്രധാന സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനും വളണ്ടിയര്‍ സേവനം സഹായകമാകുന്നു.
സന്നദ്ധപ്രവര്‍ത്തനങ്ങളെ പിന്തുണക്കുക, സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുക, സമൂഹദാന സംസ്‌കാരം വളര്‍ത്തുക, തീര്‍ഥാടകരെ സേവിക്കുന്നതില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും തീര്‍ഥാടകരെ സേവിക്കാനും വിവിധ മേഖലകള്‍ നടത്തുന്ന ശ്രമങ്ങള്‍ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് വളണ്ടിയര്‍ സേവനം പ്രയോജനപ്പെടുത്തുന്നത്.