ജിദ്ദ: സൗദി-കുവൈത്ത് സംയുക്ത അതിര്‍ത്തിയില്‍ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഇരു രാജ്യങ്ങളും സംയുക്തമായി അറിയിച്ചു. സംയുക്ത അതിര്‍ത്തിയില്‍ വഫ്റ എണ്ണ ഖനന, ഉല്‍പാദന പ്രദേശത്ത് നോര്‍ത്ത് വഫ്‌റ വാര – ബര്‍ഗാന്‍ ഫീല്‍ഡിലാണ് പുതിയ പെട്രോളിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്.

പുതിയ എണ്ണ ശേഖരം വഫ്‌റ ഫീല്‍ഡിന് അഞ്ചു കിലോമീറ്റര്‍ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. അവിടെ നോര്‍ത്ത് വഫ്‌റ കിണറിലെ വാര ബര്‍ഗാന്‍ – 1 റിസര്‍വോയറില്‍ നിന്ന് പ്രതിദിനം 500 ബാരലില്‍ കൂടുതല്‍ അളവില്‍ പെട്രോള്‍ പുറത്തേക്ക്‌വന്നു.
2020 മധ്യത്തില്‍ സംയുക്ത അതിര്‍ത്തിയിലും അതിനോട് ചേര്‍ന്നുള്ള സമുദ്ര പ്രദേശത്തും പെട്രോള്‍ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തുന്നത്.
ലോകത്തിന് ഊർജം നൽകുന്നതിൽ ഇരു രാജ്യങ്ങളുടെയും സ്ഥാനവും വിശ്വാസ്യതയും, പര്യവേക്ഷണ-ഉൽപ്പാദന മേഖലകളിലെ അവരുടെ ശേഷിയും കണക്കിലെടുക്കുമ്പോൾ, ഈ കണ്ടെത്തൽ വളരെ പ്രാധാന്യമർഹിക്കുന്നു.