റിയാദ്- സൗദിയിൽ 73 വർഷം പഴക്കമുള്ള മദ്യനിരോധനം നീക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും ഇത്തരത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2034 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറെടുക്കുമ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യവിൽപ്പന അനുവദിക്കുമെന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഒരു വൈൻ ബ്ലോഗിലാണ് ഇക്കാര്യം ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് മറ്റു മാധ്യമങ്ങൾ വാർത്ത ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ചില മാധ്യമങ്ങളും ഇക്കാര്യം വാർത്തയാക്കിയിരുന്നു.