റിയാദ് : സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുകയറ്റത്തിനും മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്നതിനുമിടെ ഉപജീവന മാര്‍ഗം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് പച്ച ടാക്‌സി ഡ്രൈവര്‍മാര്‍. എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് 11.45 ന് ടാക്‌സി ഡ്രൈവറായ റസൂല്‍ ഗുലാം റിയാദിലെ കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിന്റെ വടക്കേ ഗേറ്റിന് മുന്നില്‍ വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നതും കാത്ത് നില്‍ക്കുന്നു. താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ പ്രതിദിനം നിര്‍ബന്ധമായും അടക്കേണ്ട തുക കണ്ടെത്താന്‍ റിയാദിലെ തെരുവുകളിലൂടെ ഒരു ദിവസം 12 മണിക്കൂറിലധികം ഗുലാം റസൂല്‍ ടാക്‌സി ഓടിക്കുന്നു. ഇങ്ങിനെ മുടങ്ങാതെ കമ്പനിയില്‍ പ്രതിദിനം തുക അടക്കുന്നതില്‍ നിന്നാണ് അദ്ദേഹത്തിന് ശമ്പളം ലഭിക്കുന്നത്.

കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിന്റെ ചുറ്റുവേലിയുടെ പരിധിക്കുള്ളില്‍ ഏകദേശം അഞ്ച് ദിവസം ചെലവഴിച്ച പരിശീലനാര്‍ഥികള്‍ വ്യാഴാഴ്ച ഉച്ചയോടെ എക്‌സിറ്റ് ഗേറ്റിലേക്ക് ഓടുന്നു. കൈകളില്‍ മുറുകെ പിടിച്ച മൊബൈല്‍ ഫോണുകളില്‍ ഗതാഗത ആപ്പുകള്‍ അവര്‍ തിരയുന്നു. പ്രധാന നഗരങ്ങളിലെ ഗതാഗതത്തിന് ആളുകള്‍ ഈ ആപ്പുകളെ വളരെയധികം ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. പച്ച ടാക്‌സികളില്‍ നിന്ന് ഇവ ഉപയോക്താക്കളെ തട്ടിയെടുക്കുകയാണ്. ടാക്‌സി നിരക്കുകള്‍ വര്‍ധിക്കുന്ന തിരക്കേറിയ സമയത്താണ് കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജില്‍ നിന്ന് പരിശീനനാര്‍ഥികള്‍ പുറത്തിറങ്ങുക.
പരിശീനാര്‍ഥികള്‍ ഗേറ്റിനടുത്തെത്തുമ്പോള്‍, റസൂല്‍ ഗുലാമിന്റെയും കൂട്ടാളികളുടെയും ശബ്ദങ്ങള്‍ ഉയരുന്നു. എതിര്‍വശത്തെ ഫുട്പാത്തില്‍ ടാക്‌സികളുടെ തിരക്കാണ്. പരിശീലനാര്‍ഥികളുടെ അപേക്ഷകള്‍ യൂബര്‍, കരീം, മറ്റ് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ അംഗീകരിക്കപ്പെടുന്നതിന് മുമ്പ് ഫോണ്‍ബന്ധം മുറിഞ്ഞുപോകണമെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ ആഗ്രഹിക്കുന്നു. ഏകദേശം 300 മീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന മെട്രോ സ്റ്റേഷനും ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആശങ്കയുണ്ടാക്കുന്നു. മെട്രോ സര്‍വീസ് ആരംഭിക്കുകയും പുതിയ സ്റ്റേഷനുകള്‍ തുറക്കുകയും ചെയ്തതോടെ റിയാദ് നിവാസികളുടെ പ്രിയപ്പെട്ട ഗതാഗത മാര്‍ഗമായി മെട്രോ മാറിയിരിക്കുന്നു.
ടാക്‌സി നിരക്കിനെ കുറിച്ച് പരിശീലനാര്‍ഥികളും ടാക്‌സി ഡ്രൈവര്‍മാരും ചര്‍ച്ചകള്‍ നടത്തുന്നു. ഇരു കൂട്ടര്‍ക്കും വ്യത്യസ്തമായ ആശങ്കകളുണ്ട്. വാരാന്ത്യത്തില്‍ കോളേജില്‍ നിന്ന് പുറത്തിറങ്ങുന്ന പരിശീനാര്‍ഥികള്‍ക്ക് തിരക്കേറിയ ഷെഡ്യൂളാണ്. ഇവര്‍ക്ക് വളരെ കുറഞ്ഞ സമയമാണ് സ്വന്തം വീടുകളിലും ചുറ്റുപാടുകളിലും ചെലവഴിക്കാന്‍ ലഭിക്കുന്നത്. വാരാന്ത്യത്തില്‍ 55 മണിക്കൂറില്‍ കവിയാത്ത സമയമാണ് ഇവര്‍ക്ക് ആകെ ലഭിക്കുന്നത്. ഒന്നോ രണ്ടോ യാത്രക്കാരെ മാത്രം കയറ്റി പച്ച ടാക്‌സി അപൂര്‍വമായി മാത്രമേ മുന്നോട്ടെടുക്കാറുള്ളു. പലപ്പോഴും അഞ്ചും ആറും യാത്രക്കാര്‍ ടാക്‌സിയിലുണ്ടാകും.
ടാക്‌സി നിരക്ക് കൊടുക്കുന്നതിനെ കുറിച്ച് യാത്രക്കാര്‍ പരസ്പരം തര്‍ക്കിക്കും. താന്‍ ചില്ലിക്കാശ് കൊടുക്കില്ലെന്ന് ചിലര്‍ പറയും. ടാക്‌സി കൂലി പങ്കിട്ട് വഹിക്കാമെന്ന് മറ്റു ചിലര്‍ പറയും. ഇതിനിടെ തന്റെ സ്‌പോര്‍ട്‌സ് വസ്ത്രത്തിന്റെ പോക്കറ്റില്‍ ബാക്കിയുള്ള പണം മൂന്നാമന്‍ തിരയുന്നുണ്ടാകും. ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന നിലക്ക് റസൂല്‍ ഗുലാം യാത്രക്കാര്‍ കാറില്‍ കയറുന്നതും കാത്തുനില്‍ക്കും.
യാത്രകള്‍ക്കനുസരിച്ച് നിരക്കുകള്‍ വ്യത്യാസപ്പെടുമെന്നും റിയാദിന് പുറത്തുള്ള നഗരങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ നിരക്കുകള്‍ വര്‍ധിക്കുമെന്നും റസൂല്‍ ഗുലാം പറയുന്നു. ഗതാഗത ആപ്പുകളില്‍ താന്‍ സബ്സ്‌ക്രൈബ് ചെയ്യുന്നുണ്ടെങ്കിലും, തന്റെ ടാക്‌സി കൂലിയുടെ ഭാഗം പിടിക്കുന്ന ഇടനിലക്കാരനില്ലാതെ നേരിട്ട് യാത്രക്കാരനെ കയറ്റാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് റസൂല്‍ ഗുലാം പറയുന്നു. പത്തു വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന, നിരവധി നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചിട്ടുള്ള ഡ്രൈവറായ റസൂല്‍ ഗുലാം ആഴ്ചതോറും കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിനു മുന്നിലെത്തുന്നു. റിയാദ് നഗരത്തില്‍ മെട്രോ വന്നിട്ടും ടാക്‌സികളെ അപേക്ഷിച്ച് വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലായതിനാല്‍ വ്യാഴാഴ്ചകളില്‍ ഇവിടെ നിന്ന് യാത്രക്കാരെ കിട്ടുമെന്ന് ഉറപ്പാണെന്ന് റസൂല്‍ ഗുലാം പറയുന്നു.
മെട്രോ, റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ ടാക്‌സികളുമായി മത്സരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ധാരാളം സ്വകാര്യ വാഹന ഉടമകള്‍, പുരുഷന്മാരും സ്ത്രീകളും, അധിക വരുമാനം നേടാനായി റൈഡ്-ഹെയ്ലിംഗ് ആപ്പുകളില്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെന്ന് മറ്റൊരു പച്ച ടാക്‌സി ഡ്രൈവറായ അംജദ് സാദ പറഞ്ഞു. ആദ്യം മഞ്ഞ, പിന്നീട് വെള്ള, പിന്നീട് പച്ചനിറങ്ങളില്‍ പ്രത്യക്ഷപ്പെട്ട ടാക്‌സി കാറുകള്‍ നഗരങ്ങള്‍ക്കുള്ളിലെ പ്രാഥമിക ഗതാഗത മാര്‍ഗമായി ദീര്‍ഘകാലം കണക്കാക്കപ്പെട്ടു. ടാക്‌സികളുടെ ഏക എതിരാളി ടൗണ്‍ ലൈന്‍ ബസ് ആയിരുന്നു. തലസ്ഥാനമായ റിയാദിലെ തെരുവുകളില്‍ ഒരിക്കല്‍ കൂട്ടത്തോടെ ആധിപത്യം ചെലുത്തിയിരുന്ന ടാക്‌സികളുടെ സ്വാധീനം ഇപ്പോള്‍ മങ്ങിയിരിക്കുന്നു. യാത്രക്കാരില്‍ സിംഹഭാഗത്തെയും സ്വന്തമാക്കിയ പുതിയ എതിരാളികള്‍ വിപണിയിലേക്ക് കടന്നുവന്നതോടെ ടാക്‌സികളുടെ നില കൂടുതല്‍ പരുങ്ങലായി.
സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ആദ്യ പാദത്തില്‍ റിയാദ് മെട്രോയില്‍ യാത്രക്കാരുടെ എണ്ണം രണ്ടര കോടി കവിഞ്ഞു. നഗരങ്ങള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ട്രെയിനുകളുടെ പട്ടികയില്‍ റിയാദ് മെട്രോ ഒന്നാമതാണെന്ന് ഇത് സ്ഥിരീകരിക്കുന്നു. അതോറിറ്റിയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ 3.23 കോടിയിലേറെ പേര്‍ അര്‍ബന്‍ ട്രെയിനുകളില്‍ യാത്ര ചെയ്തു. റിയാദ് മെട്രോക്ക് പിന്നാലെ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രെയിന്‍ സര്‍വീസ് ഇതേ കാലയളവില്‍ 60 ലക്ഷത്തിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കി. റിയാദ് പ്രിന്‍സസ് നൂറ സര്‍വകലാശാലയിലെ ഓട്ടോമേറ്റഡ് ട്രെയിന്‍ സര്‍വീസ് ഒമ്പതു ലക്ഷത്തിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കി. മക്ക, മദീന നഗരങ്ങള്‍ക്കിടയിലെ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയും ഉത്തര റെയില്‍വെയും കിഴക്കന്‍ റെയില്‍വെയും അടക്കം സൗദി റെയില്‍ ഗതാഗത മേഖലയില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ യാത്രക്കാരുടെ എണ്ണം മൂന്നര കോടിയിലേറെയായി.
സൗദി അറേബ്യയില്‍ റൈഡ്-ഷെയറിംഗ് ആപ്ലിക്കേഷനുകളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 200 കോടി റിയാല്‍ കവിഞ്ഞതായി ഡെപ്യൂട്ടി ഗതാഗത മന്ത്രി റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. 22,000 സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ സ്വദേശികള്‍ റൈഡ്-ഷെയറിംഗ് ആപ്ലിക്കേഷനുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ആപ്പുകള്‍ വഴിയുള്ള റൈഡ്-ഷെയറിംഗ് 20 ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചു. 2024 ല്‍ ഓണ്‍ലൈന്‍ ടാക്‌സി യാത്രകള്‍ എട്ടു കോടിയായി ഉയര്‍ന്നതായും മന്ത്രി പറഞ്ഞു.