ദമാം: താൽക്കാലികമായി നിർത്തിവെച്ച, കാലാവധി കഴിഞ്ഞ ഇഖാമയിലുള്ളവർക്ക് ഫൈനൽ ഏക്സിറ്റ് അപേക്ഷ സ്വീകരിക്കൽ വീണ്ടും തുടങ്ങി. ഏതാണ്ട് എഴ് വർഷത്തോളമായി ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് ലേബർ ഓഫീസിൻ്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്താൽ പ്രത്യേക സാമ്പത്തിക ചെലവുകളൊന്നും കൂടാതെ നാട്ടിലേക്ക് പോവാനുള്ള ഫൈനൽ ഏക്സിറ്റ് ലഭിച്ച് തുടങ്ങിയത് വിദേശികൾക്ക് വലിയൊരാശ്വാസമാണ്. ഇതിനിടെ, സംവിധാനം ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർത്തിവെച്ചിരുന്നു. അതാണ് വീണ്ടും പുനഃസ്ഥാപിച്ചത്.

ബന്ധപ്പെട്ട സഊദി കാര്യാലയങ്ങളിലെ സിസ്റ്റം അപ്ഡേഷൻ കാരണം താൽക്കാലികമായി നിർത്തിവെച്ച പ്രവർത്തനങ്ങളാണ് വീണ്ടും ആരംഭിച്ചത്. രണ്ടുമാസത്തിന് ശേഷമാണ് നടപടി. ജുബൈൽ ജുഐമ ഏരിയ ലേബർ ഓഫിസർ മുത്ലഖ് അൽ ഖഹ്താനി, സഹ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ ഖുവൈലിദി എന്നിവരെ സന്ദർശിച്ച പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയോടാണ് ഈ വിവരം കൈമാറിയത്.
ഇതിനിടെ, സംവിധാനം രണ്ട് മാസങ്ങളായി നിർത്തിവെച്ചിരുന്നു. അതാണ് വീണ്ടും പുനഃസ്ഥാപിച്ചത്. ഓഫീസുകൾ കയറിയിറങ്ങാതെയും ഇടനിലക്കാരനെ ആശ്രയിക്കാതെയും തന്നെ ഇന്ത്യൻ എംബസിയും തൊഴിൽ മന്ത്രാലയവും സഹകരിച്ച് നടത്തുന്ന നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ https://cgijeddah.org/consulate/exitVisa/embreg.aspx എന്ന ലിങ്കിൽ റജിസ്ട്രേഷൻ പൂർത്തീകരിച്ചാണ് നടപടികൾ പൂർത്തിയാക്കേണ്ടത്.
രജിസ്ട്രേഷൻ പൂർത്തിയായാൽ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇഖാമ ഇഷ്യൂ ചെയ്യപ്പെട്ട ഭൂപരിധിയിലുള്ള ലേബർ ഓഫിസുമായി ബന്ധപ്പെട്ടാണ് എംബസി നടപടികൾ പൂർത്തിയാക്കുക. ലേബർ ഓഫിസിനെയോ ജവാസത്തിനെയോ നേരിട്ട് സമീപിക്കാതെ ഫൈനൽ എക്സിറ്റ് നേടാനുള്ള സൗകര്യമാണ് ഇത്. എക്സിറ്റ് വിസ ഇഷ്യൂ ആയാൽ ആ വിവരം മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് ആയി എത്തുകയും ചെയ്യും. രജിസ്ട്രേഷൻ കഴിഞ്ഞ അപേക്ഷകളാണ് ക്രമനമ്പറുകളനുസരിച്ച് ഇന്ത്യൻ എംബസി സഊദി തൊഴിൽ മന്ത്രാലയത്തിലേക്കയക്കുന്നത്.
മുമ്പത്തേക്കാളേറെ ഇത്തരത്തിലുള്ള അപേക്ഷകളുടെ ആധിക്യവും നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും സ്വാഭാവികമായും പതിവിലേറെ അൽപം കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. പ്രത്യേകിച്ച് ഫീസോ മറ്റ് സാമ്പത്തിക ചെലവുകളോ ഇല്ലാതെ തന്നെ റജിസ്ട്രേഷൻ പൂർത്തീകരിച്ച് നമ്പർ ലഭിച്ചവർക്ക് മറ്റ് ഓഫീസുകളെയോ ഇടനിലക്കാരെയോ സഹായം തേടാതെ തന്നെ റജിസ്റ്റർ ചെയ്ത തൊഴിലാളിയുടെ മോബൈൽ നമ്പറിലേക്ക് ഫൈനൽ എക്സിറ്റ് ലഭിച്ചതായി അതാത് പ്രദേശങ്ങളിലെ ജവാസാത്തിൽ നിന്നും മെസേജ് ലഭിക്കുന്നതാണ്. ശേഷം ജവാസാത്തിൽ നേരിട്ട് ചെന്നോ അബ്ശിറിൽ നിന്നോ ഫൈനൽ എക്സിറ്റ് പ്രിൻ്റ് കരസ്ഥമാക്കാവുന്നതാണ്.
പലരും ഇടനിലക്കാരെ ബന്ധപ്പെട്ട് സാമ്പത്തിക നഷ്ടം സംഭവിച്ച് കബളിപ്പിക്കപ്പെട്ടതായി വിവരങ്ങളുണ്ട്. എന്നാൽ നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയും സഊദി ലേബർ ഓഫീസുകളും ജവാസാത്തുകളും സഹകരിച്ച് നടത്തുന്ന ഈ പ്രക്രിയകളിൽ ആരേയും ആശ്രയിക്കേണ്ടതോ പണമിടപാടുകൾ നടത്തുകയോ വേണ്ടതില്ല എന്നത് ഏറെ ആശ്വാസകരമാണ്.
അടിയന്തിരമായ ആരോഗ്യപ്രശ്നങ്ങളിൽപെട്ട് തുടർ ചികിത്സകൾക്കായി നാട്ടിലേക്ക് പോവേണ്ടവർ അനിവാര്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ഹാജരാക്കിയാൽ നടപടികൾ വേഗതയിലാക്കാനും ഫൈനൽ ഏക്സിറ്റ് ലഭിക്കാനും എംബസി സഹകരിക്കുന്നതാണ്. നിയമപരമായ യാത്രാ നിരോധനമോ (ട്രാവൽ ബേൻ) മറ്റ് കേസുകളോ നിലവിലില്ലാത്തവരുടെ അപേക്ഷകളിലേ നടപടികൾ പൂർത്തീകരിക്കാൻ കഴിയൂ. ആയിരക്കണക്കിന് പ്രവാസികൾ റജിസ്ട്രേഷൻ പൂർത്തീകരിച്ച് ഭൂരിഭാഗം പേരും നാടണഞ്ഞിട്ടുണ്ട്.
ആദ്യഘട്ടത്തിൽ അതാത് പ്രദേശത്തെ ലേബർ ഓഫീസുകളിൽ കാലാവധി കഴിഞ്ഞ ഇഖാമയിലുള്ള വിദേശ തൊഴിലാളികൾ സ്പോൺസമാരുടെ സഹായമില്ലാതെ തന്നെ നേരിട്ട് ചെന്ന് അപേക്ഷ നൽകുന്ന രീതിയായിരുന്നു തുടങ്ങി വന്നിരുന്നത്. എന്നാൽ ഇടക്കാലത്ത് തൊഴിൽ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം നേരിട്ടുള്ള അപേക്ഷ നിർത്തി വെച്ച് എംബസിയുടെ ലിങ്കിൽ റജിസ്റ്റർ ചെയ്ത് ഏക്സിറ്റ് വിസ ലഭിക്കുന്ന രീതിയാക്കി തുടർന്നു വരികയാണ്.