ജിദ്ദ: സൗദി ഗതാഗത മന്ത്രാലയവും സൗദിയിലെ നഗര വ്യോമ ഗതാഗത കമ്പനിയായ ഫ്‌ളൈ നൗ അറേബ്യയും ചേര്‍ന്ന് ചരക്ക്, യാത്രാ ഗതാഗതത്തിനായുള്ള ആദ്യ ആപ്പ് പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി സി.ഇ.ഒ യോവോണ്‍ വിന്റര്‍ വെളിപ്പെടുത്തി. ഗതാഗത മന്ത്രാലയവുമായി സഹകരിച്ച്, പൈലറ്റ് പ്രോജക്റ്റായി റാബിഗ് കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയില്‍ ഈ വര്‍ഷം പദ്ധതി നടപ്പാക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെ യാത്രക്കാരെ കൊണ്ടുപോകുന്നതിന് മുമ്പ് പത്തു ലക്ഷം മൈല്‍ വരെ ദൂരം സാധനങ്ങള്‍ കൊണ്ടുപോകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം – യോവോണ്‍ വിന്റര്‍ പറഞ്ഞു.

2030 ആകുമ്പോഴേക്കും വ്യോമഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കാനും റിയാദിനെ ലോകത്തിലെ ആദ്യത്തെ പൈലറ്റില്ലാ എയര്‍ ടാക്‌സി സംവിധാനമുള്ള നഗരമാക്കി മാറ്റാനുമാണ് ഫ്‌ളൈ നൗ അറേബ്യ ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട്, സുസ്ഥിര ഗതാഗത മേഖലയിലെ ആഗോള സംഭവവികാസങ്ങള്‍ക്കൊപ്പം മുന്നേറാനുള്ള സൗദി അറേബ്യയുടെ അഭിലാഷമാണ് ഈ പദ്ധതി പ്രകടമാക്കുന്നതെന്ന് കമ്പനി പ്രസ്താവിച്ചു. ഈ മേഖലയിലെ പ്രാദേശിക ശേഷികള്‍ വര്‍ധിപ്പിക്കുന്നതിന് വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നവീകരണത്തിനും വികസനത്തിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത പദ്ധതി എടുത്തുകാണിക്കുന്നു.
2019 ല്‍ ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ സ്ഥാപിതമായ ഫ്‌ളൈ നൗ അറേബ്യ, ഇക്കോപ്റ്ററുകള്‍ എന്നറിയപ്പെടുന്ന ഇലക്ട്രിക് ഹെലികോപ്റ്റര്‍ മോഡലുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യോവോണ്‍ വിന്റര്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളിലൂടെ ഓട്ടോമാറ്റിക് ആയി പറക്കാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും. ഇത് ചരക്കുകളുടെയും യാത്രക്കാരുടെയും കാര്യക്ഷമമായ ഗതാഗതത്തിന് സഹായിക്കും.
200 കിലോഗ്രാം വരെ പേലോഡ് ശേഷിയുള്ള ചരക്ക് ഗതാഗതം, മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ 50 കിലോമീറ്റര്‍ വരെ പറക്കല്‍ ശ്രേണി, യൂബര്‍ പോലുള്ള പരമ്പരാഗത ഗതാഗത രീതികള്‍ മാറ്റിസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒന്നോ രണ്ടോ പേര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ ടാക്‌സികള്‍ എന്നിവയാണ് കമ്പനിയുടെ ഓപ്ഷനുകള്‍.
റിയാദില്‍ ഏകദേശം അഞ്ചു ലക്ഷം ടാക്‌സി ഡ്രൈവര്‍മാരുള്ളതായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. പൈലറ്റുമാരുടെ ആവശ്യകത ഇല്ലാതാക്കുന്ന കമ്പനിയുടെ ഓട്ടോമേറ്റഡ് ഫ്‌ളൈറ്റ് സാങ്കേതികവിദ്യയിലൂടെ ഗണ്യമായ സാധ്യതകള്‍ കൈവരിക്കാനാകും. ഇത് നഗര ഗതാഗത പരിതസ്ഥിതിയില്‍ പ്രതീക്ഷിക്കുന്ന സമൂലമായ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. ഗതാഗത സാന്ദ്രതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാനും പരമ്പരാഗത കാറുകളെ ആശ്രയിക്കുന്നത് കുറക്കാനും നഗര വ്യോമഗതാഗതത്തിന് എങ്ങനെ സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഈ ഇന്നൊവേഷന്‍ എടുത്തുകാണിക്കുന്നു – യോവോണ്‍ വിന്റര്‍ പറഞ്ഞു.
പുതിയ ഇക്കോപ്റ്റര്‍ വിമാനത്തിന് മൂന്നര ലക്ഷം യൂറോ (14 ലക്ഷം റിയാല്‍) വിലയുണ്ട്. മറ്റു കമ്പനികളുടെ സമാന രീതിയിലുള്ള വിമാനങ്ങള്‍ക്ക് ഒന്നര കോടി യൂറോ (നാലു കോടി റിയാല്‍) വിലവരും. ഇക്കോപ്റ്റര്‍ വിമാനങ്ങളുടെ വില കുറവായതിനാല്‍ പരമ്പരാഗത ടാക്‌സികളുടേതിന് സമാനമായ നിരക്കില്‍ എയര്‍ ടാക്‌സി സേവനങ്ങള്‍ നല്‍കാന്‍ കമ്പനിക്ക് കഴിയുമെന്ന് യോവോണ്‍ വിന്റര്‍ പറഞ്ഞു.