ജിദ്ദ: കേരളത്തിൽ നിന്നും കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ഇന്ന് പുലർച്ചെ ജിദ്ദയിൽ എത്തി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനൽ ഒന്നിലൂടെയാണ് ഇവർ ജിദ്ദയിലെത്തിയത്. വളരെ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഇന്ത്യൻ കൗൺസിലേറ്റ് അംഗങ്ങൾ, സൗദി ഹജ്ജ് മിഷൻ ജീവനക്കാർ, ജിദ്ദയിലെ വിവിധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവിടെ ഏർപ്പാടാക്കിയിരുന്നത്.

സൗദി എയർലൈൻസിന്റെ SV 3067 എന്ന വിമാനത്തിൽ 289 യാത്രക്കാരും SV 3063 എന്ന വിമാനത്തിൽ 286 യാത്രക്കാരുമാണ് ജിദ്ദ എയർ പോർട്ട് പുതിയ ടെർമിനൽ ഒന്നിലൂടെ ട്രെയിൻ വഴി മക്കയിലെത്തിയത്.

ജിദ്ദ എയർപോർട്ടിൽ നിന്നും മക്കയിൽ താമസിക്കാനുള്ള ബിൽഡിങ്ങുകളിലെ നമ്പർ അനുസരിച്ചു ഇവിടെ നിന്നും ഹജ്ജ് സംഘത്തെ തിരിച്ചാണ് മക്കയിലേക്ക് ട്രെയിൻ വഴി അയക്കുന്നത്. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ഹജ്ജ് സെല്ലിന്റെ വനിതകളടക്കമുള്ള വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഹാജിയമാർക്കുള്ള സേവനം 24 മണിക്കൂറും എയർപോർട്ടിൽ ലഭ്യമാണ്.
ജിദ്ദ കെഎംസിസി നേതാക്കളായ അഹ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി പി മുസ്തഫ, വി പി അബ്ദുറഹിമാൻ, നൗഫൽ റഹീലി, സിറാജ് കണ്ണവം, ലത്തീഫ് വയനാട്, ശിഹാബ് താമരക്കുളം തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ വനിതകളടക്കമുള്ള നിരവധി വളന്റിയേഴ്സാണ് 24 മണിക്കൂറും എയര്‍പോര്‍ട്ടുകളിൽ സേവനത്തിന് നേതൃത്വം നൽകുന്നത്.