തായിഫ്: ഹജ് ദിവസങ്ങളില്‍ മിനായില്‍ നിന്ന് ബലിമാംസം കടത്തുന്നത് തടയാന്‍ തായിഫ് നഗരസഭ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചു. റാസിദ് പ്ലസ് എന്ന് പേരിട്ട സംരംഭം തായിഫ് മേയര്‍ അബ്ദുല്ല ബിന്‍ ഖമീസ് അല്‍സായിദി ഉദ്ഘാടനം ചെയ്തു.

പുണ്യസ്ഥലങ്ങളില്‍ നിന്ന് ബലിമാംസം റെസ്റ്റോറന്റുകളിലേക്കും മറ്റും കടത്തുന്നത് തടയാന്‍ തായിഫിന്റെ പ്രവേശന കവാടങ്ങളില്‍ ശക്തമായ പരിശോധാ പദ്ധതി നടപ്പാക്കും. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നഗരസഭക്കു കീഴിലെ ഫീല്‍ഡ് പരിശോധനാ സംഘങ്ങള്‍ നഗരത്തിന്റെ പ്രവേശന കവാടങ്ങളായ അല്‍ഹദ, അല്‍സൈല്‍ അല്‍കബീര്‍, അല്‍സൈല്‍ അല്‍സ്വഗീര്‍, അല്‍ശഫ എന്നിവിടങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തും.
വരാനിരിക്കുന്ന ഹജ് സീസണിലുടനീളം ആരോഗ്യ നിരീക്ഷണവും തുടര്‍നടപടികളും തായിഫ് നഗരസഭ തുടരും. ഉപഭോക്താവിന്റെ ആരോഗ്യം സംരക്ഷിക്കാനായി കേടായ മാംസം എത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും തായിഫിലേക്ക് ബലി മാംസം കടത്തുന്നത് തടയുമെന്നും റെസ്റ്റോറന്റുകളും ഹോട്ടകുകളും ശക്തമായി നിരീക്ഷിക്കുമെന്നും തായിഫ് മേയര്‍ പറഞ്ഞു.