ദുബൈ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ പുരോഗതി പങ്കുവച്ചത്.

അൽ ദഫ്ര മേഖലാ ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പങ്കുവച്ച കുറിപ്പിലാണ് പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചത്. റെയിൽവേ പദ്ധതിക്ക് ശൈഖ് ഹംദാൻ നൽകുന്ന പിന്തുണയ്ക്ക് ഇത്തിഹാദ് റെയിൽ നന്ദി അറിയിച്ചു. ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് അൽ ദഫ്ര ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

ആദ്യഘട്ടത്തിൽ ഏത് റൂട്ടിലാണ് പാസഞ്ചർ സർവീസ് ആരംഭിക്കുക എന്നതിൽ വ്യക്തതയില്ല. മണിക്കൂറിൽ 200 കിലോമീറ്ററാണ് ട്രയിനിന്റെ വേഗം. 57 മിനിറ്റു കൊണ്ട് അബൂദബിയിൽനിന്ന് ദുബൈയിലെത്താം. നിലവിൽ കാർ മാർഗം രണ്ടു മണിക്കൂർ കൊണ്ട് എടുക്കുന്ന യാത്രയാണ് ഒരു മണിക്കൂർ കൊണ്ട് സാധ്യമാകുക.
യു.എ.ഇയുടെ 11 നഗരങ്ങളെയാണ് ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുക. അബൂദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ റെയിൽ ശൃംഖല നീളും. ഭാവിയിൽ ഒമാനിലേക്ക് നീട്ടാനുള്ള പദ്ധതിയുമുണ്ട്. നാല്പത് ബില്യൺ ദിർഹമാണ് 1200 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ചെലവ്.