റിയാദ് : വിഷന്‍ 2030 ആരംഭിച്ച ശേഷം അമേരിക്കന്‍ നിക്ഷേപങ്ങള്‍ സൗദി അറേബ്യയിലേക്ക് പ്രവഹിക്കുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. സൗദി-യു.എസ് നിക്ഷേപ ഫോറത്തില്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. അമേരിക്കയിലെ സൗദി നിക്ഷേപങ്ങളുടെ അളവ് അത്ഭുതകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ ശക്തിയെ ഇത് പ്രതിഫലിപ്പിക്കുന്നു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം 92 വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. സാമ്പത്തിക ബന്ധത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന ഗണ്യമായ നിക്ഷേപങ്ങളുമായി ഉഭയകക്ഷി ബന്ധം തുടരുകയാണ്.

സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്കില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് ഇപ്പോള്‍ തന്നെ കൈവരിക്കാന്‍ സാധിച്ചു. സ്ത്രീ ശാക്തീകരണ മേഖലയിലും വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാംസ്‌കാരികവും ഘടനാപരവുമായ മാറ്റങ്ങളുടെ ഫലമായി സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 50 ശതമാനം വളര്‍ച്ച കൈവരിച്ചു. ടൂറിസം മേഖലയില്‍ 2030 ഓടെ പത്തു കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് മറ്റെവിടെയും യാത്ര ചെയ്യേണ്ട ആവശ്യമില്ലാത്ത നിലക്കുള്ള ആകര്‍ഷണങ്ങളും ശ്രദ്ധയും കാരണം രണ്ടു വര്‍ഷം മുമ്പു തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു. വിദേശ വിനോദസഞ്ചാരികള്‍ക്ക് പുറമെ, പ്രാദേശിക ടൂറിസ്റ്റുകളെയും ആകര്‍ഷിക്കാന്‍ സൗദി അറേബ്യ പ്രവര്‍ത്തിക്കുന്നുണ്ട്.
അമേരിക്കയുമായുള്ള സൗദി അറേബ്യയുടെ ബന്ധം വര്‍ഷം കഴിയുംതോറും കൂടുതല്‍ ശക്തമായി വളരുകയാണ്. നിക്ഷേപങ്ങളുടെ അളവ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി നല്ല കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥക്ക് ഗുണം ചെയ്യും. സൗദി സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അമേരിക്കയുടെ വൈദഗ്ധ്യവും നൂതനാശയങ്ങളും പ്രയോജനപ്പെടുത്താന്‍ രാജ്യം ശ്രമിക്കുന്നുണ്ട്. സാങ്കേതികമായി പ്രാവീണ്യമുള്ള യുവതലമുറയും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള ഒരു സര്‍ക്കാരും സൗദി അറേബ്യക്കുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വളര്‍ച്ചാ അവസരങ്ങളുള്ള സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് സൗദി സമ്പദ്വ്യവസ്ഥയെന്നും സൗദി ധനമന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന പുതിയ അവസരങ്ങള്‍ കണ്ടെത്താനായി ബിസിനസ്സ് നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന സൗദി-യു.എസ് നിക്ഷേപ ഫോറം 2025 ഇന്ന് റിയാദില്‍ ആരംഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഫോറം, ഒരു നൂറ്റാണ്ടോളമായി നീണ്ടുനില്‍ക്കുന്ന ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയും നിക്ഷേപത്തിനായി പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയും എടുത്തുകാണിക്കുന്നു.