ജിദ്ദ: വൈദ്യുതി സ്തംഭനം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വൈദ്യുതി വരിക്കാര്‍ക്ക് ആകെ 15.8 കോടി റിയാല്‍ നഷ്ടപരിഹാരമായി വിതരണം ചെയ്തതായി സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി വെളിപ്പെടുത്തി. ആകെ 3,29,000 വരിക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു.

വൈദ്യുതി സ്തംഭനത്തിനു ശേഷം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കാലതാമസം വരുത്തിയതിന് 2,18,000 ലേറെ വരിക്കാര്‍ക്ക് ആകെ 12,22,10,325 റിയാല്‍ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ആവര്‍ത്തിച്ചുള്ള വൈദ്യുതി സ്തംഭനത്തിന് 54,747 വരിക്കാര്‍ക്ക് ആകെ 2,20,26,975 റിയാല്‍ നഷ്ടപരിഹാരമായി നല്‍കി. പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കാലതാമസം വരുത്തിയതിന് 2,151 ഉപയോക്താക്കള്‍ക്ക് 16,07,660 റിയാലും നഷ്ടപരിഹാരമായി വിതരണം ചെയ്തു. സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ ഭാഗത്തുള്ള മറ്റു വീഴ്ചകള്‍ക്ക് പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ക്കും നഷ്ടപരിഹാരം ലഭിച്ചു.
കഴിഞ്ഞ വര്‍ഷം ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് ഉപയോക്താക്കളില്‍ നിന്ന് 38,000 പരാതികള്‍ ലഭിച്ചു. ഇതില്‍ 41 ശതമാനം വൈദ്യുതി സ്തംഭനവുമായും 35 ശതമാനം ബില്ലുകളുമായും ബന്ധപ്പെട്ടവയാണ്. വൈദ്യുതി സേവനവുമായി ബന്ധപ്പെട്ട് 7.35 ശതമാനം പരാതികളും യഥാര്‍ഥ ഉപഭോക്താവിന്റെ പേരില്‍ മീറ്റര്‍ രജിസ്റ്റര്‍ ചെയ്യാത്തതുമായി ബന്ധപ്പെട്ട് 3.7 ശതമാനം പരാതികളും വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് രണ്ടു ശതമാനം പരാതികളും വൈദ്യുതി നെറ്റ്വര്‍ക്ക്, വിതരണ സ്റ്റേഷനുകള്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു ശതമാനം പരാതികളും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് 1.7 ശതമാനം പരാതികളും വൈദ്യുതി ഗുണനിലവാരവുമായി ബന്ധപ്പെട്ട് 1.6 ശതമാനം പരാതികളും ലഭിച്ചു.
ഉപഭോക്താക്കളെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക, പൊതുതാല്‍പര്യവും മുഴുവന്‍ പങ്കാളികളുടെയും അവകാശങ്ങളും സംരക്ഷിക്കുക, വൈദ്യുതി മേഖലയില്‍ കാര്യക്ഷമത മെച്ചപ്പെടുത്തുക, സാമ്പത്തികവും പാരിസ്ഥിതികവുമായ വശങ്ങളില്‍ സുസ്ഥിരത കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ ദൗത്യത്തിന്റെയും തന്ത്രപരമായ ലക്ഷ്യങ്ങളുടെയും ഭാഗമായാണ് ഇലക്ട്രിസിറ്റി കമ്പനിയുടെ ഭാഗത്തുള്ള വീഴ്ചകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നത്.
ഓട്ടോമാറ്റിക് ആയി നഷ്ടപരിഹാരം വിതരണം ചെയ്യുന്ന നയത്തിന്റെ ഭാഗമായാണ് ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തത്. വൈദ്യുതി മേഖലയില്‍ ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്താനും സുതാര്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ നയപ്രകാരം ഉപയോക്താക്കള്‍ ക്ലെയിം സമര്‍പ്പിക്കാതെ തന്നെ കമ്പനികള്‍ കഷ്ടനഷ്ടങ്ങള്‍ നേരിട്ട ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം.