ദുബായ്: കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ വാഹനങ്ങളില്‍ നിന്നുള്ള അമിത ശബ്ദത്തിന് 7,222 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി. ഇത് റെസിഡന്‍ഷ്യല്‍ പരിസരങ്ങളില്‍ സമാധാനം തകര്‍ക്കുന്ന ഡ്രൈവര്‍മാരോടുള്ള പൊതുജനങ്ങളുടെ നിരാശയെ സൂചിപ്പിക്കുന്നു. ഹോണുകള്‍ ദുരുപയോഗം ചെയ്തതിനും ഉച്ചത്തില്‍ സംഗീതം മുഴക്കിയതിനും കഴിഞ്ഞ വര്‍ഷം 3,054 നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമവിരുദ്ധമായ എന്‍ജിന്‍ പരിഷ്‌കാരങ്ങളും അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങളും കാരണം അമിതമായ ശബ്ദമുണ്ടാക്കിയതിന് 4,168 നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി. മാനസികാരോഗ്യം, ഉറക്കത്തിന്റെ ഗുണനിലവാരം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയില്‍ യഥാര്‍ഥ സ്വാധീനം ചെലുത്തുന്നതായി ജനങ്ങള്‍ പറയുന്ന വ്യാപകമായ പ്രശ്‌നത്തിന്റെ വ്യക്തമായ ചിത്രം ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഹോണുകള്‍ ദുരുപയോഗം ചെയ്തതിനും ഉച്ചത്തില്‍ സംഗീതം മുഴക്കിയതിനും ഏറ്റവും കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയത് ദുബായിലും അബുദാബിയിലുമാണ്. ഹോണുകള്‍ ദുരുപയോഗം ചെയ്തതിനും ഉച്ചത്തില്‍ സംഗീതം മുഴക്കിയതിനും 1,622 പേര്‍ക്കും എന്‍ജിന്‍ മോഡിഫിക്കേഷനും അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങളും കാരണം വാഹനങ്ങളില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കിയതിന് 1,759 ഡ്രൈവര്‍മാര്‍ക്കും കഴിഞ്ഞ വര്‍ഷം ദുബായില്‍ പിഴ ചുമത്തി. അബുദാബിയില്‍ യഥാക്രമം 785 ഉം 1,568 ഉം നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി. ഷാര്‍ജയില്‍ ഹോണുകള്‍ ദുരുപയോഗം ചെയ്തതിനും ഉച്ചത്തിലുള്ള സംഗീതത്തിനും 504 ഉം എന്‍ജിന്‍ സംബന്ധമായ അമിത ശബ്ദത്തിന് 523 ഉം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോണുകള്‍ ദുരുപയോഗം ചെയ്തതിനും ഉച്ചത്തിലുള്ള സംഗീതത്തിനും അജ്മാനില്‍ 117 ഉം റാസല്‍ഖൈമയില്‍ 11 ഉം ഫുജൈറയില്‍ എട്ടും ഉമ്മുല്‍ഖുവൈനില്‍ ഏഴും നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി. എന്‍ജിന്‍ മോഡിഫിക്കേഷനും അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങളും കാരണം വാഹനങ്ങളില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കിയതിന് ഫുജൈറയില്‍ 140 ഉം റാസല്‍ഖൈമയില്‍ 84 ഉം അജ്മാനില്‍ 57 ഉം ഉമ്മുല്‍ഖുവൈനില്‍ 37 ഉം നിയമ ലംഘനങ്ങളും കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി ഡ്രൈവര്‍മാര്‍ക്ക് പിഴകള്‍ ചുമത്തി.
ഈ പ്രശ്‌നം ശല്യപ്പെടുത്തലിനുമപ്പുറം വളരെ വലുതാണെന്ന് ജനങ്ങള്‍ പറയുന്നു. രാത്രി വൈകി തന്റെ അയല്‍പക്കത്ത് മോഡിഫിക്കേഷന്‍ ചെയ്ത കാറുകളും മോട്ടോര്‍ ബൈക്കുകളും എങ്ങിനെ കടന്നുപോകുന്നുവെന്ന് മൂന്ന് കുട്ടികളുടെ അമ്മയായ ഹെസ്സ അല്‍അലി വിവരിച്ചു. ചില ഡ്രൈവര്‍മാര്‍ ഒരു റേസ് ട്രാക്കിലാണെന്ന മട്ടില്‍ പെരുമാറുന്നു. അവര്‍ അവരുടെ എന്‍ജിനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഉച്ചത്തില്‍ സംഗീതം മുഴക്കുന്നു. ആളുകള്‍ വിശ്രമിക്കാന്‍ ശ്രമിക്കുകയാണ് എന്ന വസ്തുത അവര്‍ അവഗണിക്കുന്നു. ഇത് വെറും പരുഷമായ ചെയ്തിയല്ല, ഇത് ദോഷകരമാണ്. ശബ്ദമലിനീകരണത്തിന്റെ അനന്തരഫലങ്ങള്‍, പ്രത്യേകിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളില്‍, മനസ്സിലാക്കാന്‍ യുവാക്കളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ ശക്തമായ കാമ്പെയ്നുകള്‍ നടത്തണമെന്ന് ഹിസ്സ അല്‍അലി ആവശ്യപ്പെട്ടു. ആളുകള്‍ ആവശ്യത്തിനല്ല, നിരാശ മൂലമാണ് ഹോണ്‍ മുഴക്കുന്നത്. ഇത് റോഡുകളില്‍ പിരിമുറുക്കം സൃഷ്ടിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഷാര്‍ജ നിവാസിയായ മുഹമ്മദ് റിയാദ് പറഞ്ഞു.
യു.എ.ഇയുടെ ഫെഡറൽ ട്രാഫിക് നിയമം ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടികൾ നിർദേശിക്കുന്നു:
അമിത ശബ്ദം: 2,000 ദിർഹം പിഴ + 12 ബ്ലാക്ക് പോയിന്റുകൾ (ആർട്ടിക്കിൾ 20).
നിയമവിരുദ്ധ എൻജിൻ പരിഷ്കാരം: 1,000 ദിർഹം പിഴ + 12 ബ്ലാക്ക് പോയിന്റുകൾ + 30 ദിവസം വാഹനം ജപ്തി (ആർട്ടിക്കിൾ 73).
ഹോൺ/സ്റ്റീരിയോ ദുരുപയോഗം: 400 ദിർഹം പിഴ + 4 ബ്ലാക്ക് പോയിന്റുകൾ.
അബുദാബിയിൽ: മോഡിഫൈഡ് വാഹനങ്ങൾ ജപ്തി ചെയ്യാം; 10,000 ദിർഹം റിലീസ് ഫീസ്. മൂന്ന് മാസത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യും.
ഡ്രൈവര്‍മാര്‍ ചുറ്റുപാടുകളെ കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇയിലുടനീളം അധികൃതര്‍ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ ആരംഭിച്ചിട്ടുണ്ട്. അമിതമായ ഹോണ്‍ മുഴക്കല്‍, ഉച്ചത്തിലുള്ള സംഗീതം, പെട്ടെന്നുള്ള ടയര്‍ അലര്‍ച്ചകള്‍ എന്നിവ കാല്‍നടയാത്രക്കാരെ ഞെട്ടിക്കുമെന്നും മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുമെന്നും റോഡ് അപകടത്തിന് ഇടയാക്കുമെന്നും പോലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമിതമായ വാഹന ശബ്ദം സമൂഹങ്ങളുടെ സമാധാനത്തിനുള്ള അവകാശത്തെ, പ്രത്യേകിച്ച് കുടുംബങ്ങള്‍, കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരുടെ അവകാശത്തെ കവര്‍ന്നെടുക്കുന്നതായി ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ പറയുന്നു.
കാറിന്റെ ഹോണ്‍ ഒരു സിഗ്‌നലിംഗ് ഉപകരണമാണെന്നും സമ്മര്‍ദം കുറക്കാനുള്ള ഉപകരണമല്ലെന്നും വാഹനമോടിക്കുന്നവരെ ഓര്‍മിപ്പിക്കുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം ഇത് ഉപയോഗിക്കുക. അടിയന്തര സാഹചര്യമില്ലെങ്കില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവക്കു സമീപം ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കുക – പോലീസ് പറഞ്ഞു. ഇത്തരം പ്രവണതകളെ കുറിച്ച് പോലീസ് ഹോട്ട്ലൈന്‍ നമ്പറുകളും മൊബൈല്‍ ആപ്പുകളും വഴി എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്നും കുറ്റവാളികളെ നേരിടാനും പൊതുസമാധാനം സംരക്ഷിക്കാനും കമ്മ്യൂണിറ്റി റിപ്പോര്‍ട്ടുകള്‍ പ്രധാനമാണെന്നും അധികൃതര്‍ പറയുന്നു.