ജിദ്ദ – ജിദ്ദ പൊതുഗതാഗത പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കമായി. പുതിയ ഘട്ടത്തില്‍ 2025 മോഡലില്‍ പെട്ട 91 ആധുനിക ബസുകള്‍ ഉള്‍പ്പെടുത്തി. ഇതില്‍ 88 ബസുകള്‍ യൂറോ-5 മാനദണ്ഡങ്ങളോടെയുള്ള പരിസ്ഥിതി സൗഹൃദ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവയില്‍ 41 സീറ്റുകളുണ്ട്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സജ്ജീകരണങ്ങളും ബസുകളിലുണ്ട്. മൂന്നെണ്ണം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ്. ഇവയില്‍ 34 സീറ്റുകള്‍ വീതമാണുള്ളത്. 38 പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കും. ഈ ബസുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക ക്രമീകരണങ്ങളുണ്ട്.

ലോകത്തിലെ മുന്‍നിര ബസ് നിര്‍മാതാക്കളായ ചൈനീസ് കമ്പനി യുടോങ്ങ് ആണ് ബസുകള്‍ നിര്‍മിച്ചത്. മൊബൈല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള യു.എസ്.ബി പോര്‍ട്ടുകള്‍, ബസ് റൂട്ട് പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനുകള്‍, അകത്തും പുറത്തും സ്ഥാപിച്ച 14 നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ച മോണിറ്ററിംഗ് സിസ്റ്റം, സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനായി ഡാഷ്ബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ജി.പി.എസ് ട്രാക്കിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങളും സാങ്കേതികവിദ്യയും പുതിയ ബസുകളില്‍ അടങ്ങിയിരിക്കുന്നു.

നേരത്തെ സര്‍വീസ് ആരംഭിച്ച ആറ് റൂട്ടുകള്‍ക്കു പുറമെ പുതുതായി എട്ടു റൂട്ടുകളില്‍ കൂടി സര്‍വീസുകള്‍ ആരംഭിച്ചതോടെ റൂട്ടുകളുടെ എണ്ണം 14 ആയി വര്‍ധിച്ചു. സ്റ്റോപ്പുകളുടെ എണ്ണം 80 ആയി വര്‍ധിപ്പിച്ചു. എയര്‍ കണ്ടീഷന്‍ ചെയ്ത 117 സ്റ്റേഷനുകളും പദ്ധതിയില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ 46 എണ്ണം നിലവിലുണ്ട്. പുതുതായി 71 സ്റ്റേഷനുകള്‍ കൂടി നിര്‍മിക്കും.
ബസ് ട്രാക്കിംഗ്, ഓണ്‍ലൈന്‍ ടിക്കറ്റ് വാങ്ങല്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ ഡിജിറ്റല്‍ അനുഭവം നല്‍കുന്ന ജിദ്ദ ബസസ് ആപ്പ് ആരംഭിച്ചിട്ടുണ്ട്. ആപ്പിള്‍, ഗൂഗിള്‍ സ്റ്റോറുകളില്‍ ആപ്പ് ലഭ്യമാണ്. ആപ്പ് വഴിയോ അല്ലെങ്കില്‍ മദാ കാര്‍ഡുകള്‍ ഉപയോഗിച്ച് ബസില്‍ നിന്ന് നേരിട്ടോ ടിക്കറ്റിന്റെ പണമടക്കാന്‍ സൗകര്യപ്രദമായ ഓപ്ഷനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു റൂട്ടില്‍ ടിക്കറ്റ് നിരക്ക് വാറ്റ് ഉള്‍പ്പെടെ 3.45 റിയാലായി തുടരും. ഇതിനു പുറമെ നിരവധി പാക്കേജുകളും ലഭ്യമാണ്. പ്രതിദിനം 10 സൗദി റിയാലിന്റെ സബ്സ്‌ക്രിപ്ഷന്‍ പാക്കേജില്‍ ആക്ടിവേഷന്‍ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ പരമാവധി അഞ്ചു യാത്രകള്‍ നടത്താം. 60 റിയാലിന്റെ പ്രതിവാര സബ്സ്‌ക്രിപ്ഷന്‍ പാക്കേജില്‍ ആക്ടിവേഷന്‍ കഴിഞ്ഞ് ഏഴു ദിവസത്തിനുള്ളില്‍ 35 യാത്രകള്‍ വരെ നടത്താവുന്നതാണ്. 240 റിയാലിന്റെ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ പാക്കേജില്‍ ആക്ടിവേഷന്‍ കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ പരമാവധി 175 യാത്രകള്‍ നടത്താന്‍ സാധിക്കും.
ജിദ്ദ ബസ് പദ്ധതിയില്‍ പ്രതിവര്‍ഷം ശരാശരി 90 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ആകെ യാത്രക്കാരുടെ എണ്ണം 2.7 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു.
ജിദ്ദ മുനിസിപ്പാലിറ്റിയുടെ പൊതുഗതാഗത പദ്ധതികള്‍ക്കായുള്ള വിഭാഗമായ ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട്, സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമായയുള്ള (സാപ്റ്റ്‌കോ) പ്രവര്‍ത്തന പങ്കാളിത്തത്തോടെ 2025 ഏപ്രില്‍ ഒന്നു മുതല്‍ പബ്ലിക് ബസ് സര്‍വീസ് പദ്ധതിയുടെ (ജിദ്ദ ബസ്) പുതിയ ഘട്ടം ആരംഭിച്ചിരുന്നു. തുടക്കത്തില്‍ ആറു റൂട്ടുകളിലാണ് ബസ് സര്‍വീസുകളുണ്ടായിരുന്നത്.
ജിദ്ദ മേയറും ജിദ്ദ ട്രാന്‍സ്പോര്‍ട്ട് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സ്വാലിഹ് അല്‍തുര്‍ക്കിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് ഡെപ്യൂട്ടി മന്ത്രിയും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ആക്ടിംഗ് ചെയര്‍മാനുമായ ഡോ. റുമൈഹ് അല്‍റുമൈഹിന്റെ സാന്നിധ്യത്തിലാണ് ജിദ്ദ പൊതുഗതാഗത പദ്ധതിയുടെ പുതിയ ഘട്ടം ഉദ്ഘാടനം ചെയ്തത്. ജിദ്ദ ട്രാന്‍സ്പോര്‍ട്ട് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഡെപ്യൂട്ടി നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി ഇഹാബ് അല്‍ഹശാനി, ജിദ്ദ വികസന അതോറിറ്റി സി.ഇ.ഒ എന്‍ജിനീയര്‍ അയ്മന്‍ മന്‍സി, ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ജുബൈര്‍, ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് അല്‍ഉബൈദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജിദ്ദ ട്രാന്‍സ്പോര്‍ട്ട് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ യൂസുഫ് അല്‍സ്വായിഗ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.