ജിദ്ദ : ഇത്തവണത്തെ ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി, ഉംറ വിസകളില്‍ സൗദിയിലെത്തിയവര്‍ രാജ്യം വിടേണ്ട അവസാന ദിവസം നാളെയാണെന്ന് (ഏപ്രില്‍ 29) ആഭ്യന്തര മന്ത്രാലയം ഉണര്‍ത്തി. നാളെ അര്‍ധരാത്രിയോടെ രാജ്യം വിടാതെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന ഉംറ തീര്‍ഥാടകര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കും. ഹജ് വിസ ലഭിച്ചവര്‍ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ നാളെ മുതല്‍ ഹജ് പൂര്‍ത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയില്‍ പ്രവേശിക്കാനും മക്കയില്‍ തങ്ങാനും അനുവദിക്കില്ല.

സ്വദേശികളും വിദേശികളും അടക്കം സൗദിയിലെ നിവാസികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും മറ്റു വിസകളില്‍ സൗദിയില്‍ കഴിയുന്നവര്‍ക്കും നാളെ മുതല്‍ ജൂണ്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും നിര്‍ത്തിവെക്കും. വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ ഏപ്രില്‍ 14 മുതല്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് നേടണമെന്ന വ്യവസ്ഥ ബാധകമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നേടിയ പ്രത്യേക പെര്‍മിറ്റില്ലാത്ത വിദേശികളെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഹജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നേടിയ പ്രത്യേക പെര്‍മിറ്റോ മക്കയില്‍ ഇഷ്യു ചെയ്ത ഇഖാമയോ ഹജ് പെര്‍മിറ്റോ ഇല്ലാത്ത വിദേശികളെയും ഇവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളും മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറും മുഖീം പോര്‍ട്ടലും വഴി ഓണ്‍ലൈന്‍ ആയാണ് ഹജ് സീസണില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതിന് ജവാസാത്ത് ഓഫീസുകളെയും ശാഖകളെയും നേരിട്ട് സമീപിക്കേണ്ടതില്ല.
ഹജ് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ തസ്‌രീഹ് പ്ലാറ്റ്‌ഫോമുമായുള്ള സാങ്കേതിക സംയോജനത്തിലൂടെയാണ് അബ്ശിര്‍ പ്ലാറ്റ്‌ഫോമും മുഖീം പോര്‍ട്ടലും വഴി ജവാസാത്ത് ഡയറക്ടറേറ്റ് വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കാനുള്ള പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍, ആശ്രിതര്‍, പ്രീമിയം ഇഖാമ ഉടമകള്‍, നിക്ഷേപകര്‍, സൗദി പൗരന്റെ വിദേശിയായ മാതാവ്, ഗള്‍ഫ് പൗരന്മാര്‍ എന്നിവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച ശേഷം അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴിയാണ് മക്കയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്. മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഹജ് സീസണില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്കും ഹജ് സീസണില്‍ മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ കരാറുകള്‍ ഒപ്പുവെക്കുന്നവര്‍ക്കും മക്കയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് മുഖീം പോര്‍ട്ടല്‍ വഴിയും അനുവദിക്കുന്നു.
ഉംറ, വിസിറ്റ് വിസകള്‍ അടക്കം സൗദിയിലേക്കുള്ള പ്രവേശന വിസയുടെ കാലാവധി അവസാനിച്ച ശേഷം രാജ്യം വിടാതെ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹജ്, ഉംറ നിയമങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു. ഉംറ, വിസിറ്റ് വിസകളില്‍ രാജ്യത്തെത്തിയവര്‍ അനധികൃതമായി ഹജ് കര്‍മം നിര്‍വഹിക്കുകയെന്ന ഉദ്ദേശ്യത്തോടെ സൗദിയില്‍ തങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയം ശക്തമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. പ്രത്യേക പെര്‍മിറ്റില്ലാത്തവര്‍ മക്കയില്‍ പ്രവേശിക്കുന്നത് തടയാന്‍ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും രേഖകള്‍ അധികൃതര്‍ പരിശോധിക്കുന്നു.