ജിദ്ദ: ഈ വർഷം ഹജ് കർമം നിർവഹിക്കുന്നവർക്കിടയിൽ ഹജ്, ഉംറ മന്ത്രാലയം നുസുക് കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഇതുവരെ 1,50,000 ലേറെ കാർഡുകൾ ഇഷ്യു ചെയ്തു.

പ്രതിദിനം 70,000 കാർഡുകൾ വരെ പ്രിന്റ് ചെയ്യാൻ ശേഷിയുണ്ട്. ഉയർന്ന നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്, രാജ്യത്തിനുള്ളിൽ ആധുനിക ഫാക്ടറികളിലാണ് കാർഡുകൾ അച്ചടിക്കുന്നത്. ഡ്യൂപ്ലിക്കേഷൻ തടയാനും ഫീൽഡിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ സുഗമമാക്കാനും തീർത്ഥാടകന്റെ നിയമ സാധുത പരിശോധിക്കാൻ സഹായിക്കാനുമുള്ള സുരക്ഷാ സവിശേഷതകൾ നുസുക് കാർഡിൽ അടങ്ങിയിരിക്കുന്നു.
മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ താമസ സ്ഥലങ്ങൾ, സർവീസ് കമ്പനിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി തീർത്ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ കാർഡിൽ അടങ്ങിയിരിക്കുന്നു. ഇത് തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ തമ്പുകളിലേക്കും താമസസ്ഥലങ്ങളിലേക്കുമുള്ള വഴികൾ പറഞ്ഞുകൊടുക്കൽ സുഗമമാക്കുകയും വഴിതെറ്റാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മറ്റു നിരവധി സേവനങ്ങളും നുസുക് കാർഡുകൾ നൽകുന്നു.
ഹജ് പെർമിറ്റുകളും വിസകളും ഇഷ്യു ചെയ്യുന്നത് പൂർത്തിയാകുന്നതു വരെ നുസുക് കാർഡ് പ്രിന്റിംഗ് തുടരും. വിദേശത്തു നിന്നുള്ള തീർത്ഥാടകർക്ക് സൗദിയിൽ എത്തുന്ന മുറക് നുസുക് കാർഡുകൾ വിതരണം ചെയ്യും. ആഭ്യന്തര തീർത്ഥാടകർക്ക് ഹജ് ആരംഭിക്കുന്നതിന് മുമ്പ് അസംബ്ലി പോയിന്റുകളിൽ വെച്ച് സേവന കമ്പനികളിൽ നിന്ന് നുസുക് കാർഡുകൾ ലഭിക്കും.