ജിദ്ദ: കൊടും ചൂടിലും ഹജും ഉംറയും ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൂളായി കര്‍മങ്ങള്‍ നിര്‍വഹിക്കാം. സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ മക്കയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കായി ശരീരം തണുപ്പിക്കുന്ന പ്രത്യേക കൂളര്‍ ഇറ്ഹാം വസ്ത്രം അവതരിപ്പിച്ചു. സൗദിയ വിമാനങ്ങളില്‍ തീര്‍ത്ഥാടനത്തിന് വരുന്നവര്‍ക്ക് ജൂണ്‍ മുതല്‍ ഹൈടെക്ക് കൂളര്‍ ഇഹ്‌റാം വസ്ത്രങ്ങള്‍ ലഭിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. വേള്‍ഡ് ക്രിയേറ്റിവിറ്റി ആന്റ് ഇനൊവേഷന്‍ ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഈ നൂതന ഇഹ്‌റാം വസ്ത്രം ദുബായില്‍ ഈ മാസം 28ന് ആരംഭിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2025ലായിരിക്കും ആദ്യമായി പ്രദര്‍ശനത്തിനെത്തുക. കൂളർ ഇഹ്റാം വസ്ത്രത്തിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി അവിടെ പ്രഖ്യാപിച്ചേക്കും.

എന്താണ് കൂളർ ഇഹ്റാം?
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന യുപിഎഫ് 50+ പ്രൊട്ടക്ഷനാണ് കൂളര്‍ ഇഹ്‌റാമിന്റെ സവിശേഷത. അത്‌ലറ്റിക് ഗുണമേന്മയിലുള്ള ഈ വസ്ത്രം ശരീരത്തോട് ചേര്‍ന്ന് കിടക്കുമ്പോള്‍ തണുപ്പുള്ള കാലാവസ്ഥ സൃഷ്ടിക്കുന്നു. തണുപ്പിക്കുന്ന ധാതുക്കള്‍ ഉപയോഗിച്ചാണ് ഈ ഇഹ്‌റാം തുണി നെയ്തിരിക്കുന്നത്. വേഗത്തില്‍ ഉണങ്ങാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ചൂടുള്ള കാലാവസ്ഥയിലും ഈ വസ്ത്രത്തിന് ശരീര താപനിലയുടെ രണ്ടു ഡിഗ്രി സെല്‍ഷ്യല്‍ വരെ കുറയ്ക്കാനുള്ള ശേഷിയുണ്ട്. ഇത് കാലാവസ്ഥയേയും ധരിക്കുന്നവരുടെ ശരീരപ്രകൃതിയേയും ആശ്രയിച്ചിരിക്കും.
അമേരിക്കന്‍ കമ്പനികളായ ലാന്‍ഡര്‍, ബ്ര്‍ എന്നിവരുമായി ചേര്‍ന്നാണ് സൗദിയ കൂളര്‍ ഇഹ്‌റാം വികസിപ്പിച്ചത്. ഹജ് ഉംറ സേവന രംഗത്ത് നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സൗദിയയുടെ സ്ഥാനം മുന്‍നിരയില്‍ തന്നെ ഉറപ്പിക്കുകയാണ് ഈ സവിശേഷ ഉല്‍പ്പന്നം പുറത്തിറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കാനിരിക്കെയാണ് നൂതന ഇഹ്‌റാം വസ്ത്രം പുറത്തിറക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഹജ് തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിക്കുന്നതിൽ മുൻ നിരയിലുള്ള സൗദിയ തീർത്ഥാടകർക്ക് പുതിയൊരു അനുഭവമാണ് ഇതുവഴി നൽകുന്നത്. 2030ഓടെ പ്രതിവർഷം 60 ലക്ഷം ഹജ്ജ് തീർത്ഥാടകരെയും മൂന്നു കോടി ഉംറ തീർത്ഥാടകരെയും സ്വാഗതം ചെയ്യാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്കുള്ള പിന്തുണ കൂടി ആണിതെന്ന് സൗദിയ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഉസാം അഖുൻബായ് പറഞ്ഞു.