ദുബായ്. പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെ ദുബായില്‍ പുതിയ നിയമം അവതരിപ്പിച്ചു. പകര്‍ച്ചാവ്യാധി പിടിപെട്ടവരും രോഗബാധ സംശയിക്കുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയാനും അതുവഴി കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് തടയാനുമാണ് പുതിയ നിയമം വഴി നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. പകര്‍ച്ചാവ്യാധിയുള്ളവര്‍ ആശുപത്രിയിലേക്കല്ലാതെ മറ്റൊരിടത്തേക്കും യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. മറ്റു യാത്രകള്‍ക്കെല്ലാം ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി വാങ്ങിയിരിക്കണം.

പകര്‍ച്ചാവ്യാധി പിടിപെട്ട വിവരം മറച്ചുവയ്ക്കുന്നതും മനപ്പൂര്‍വ്വമോ അല്ലാതെയോ രോഗം പടര്‍ത്തുന്നതും നിയമം വിലക്കിയിരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരും ബന്ധപ്പെട്ട അധികാരികളും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളും നടപടികളും പാലിക്കണം. യാത്ര ചെയ്യുന്നവര്‍ ഔദ്യോഗിക ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കണം. ദുബായിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണം. ഏതെങ്കിലും പകര്‍ച്ചാവ്യാധി സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യവും അധികൃതരെ അറിയിക്കണം. മാസ് ധരിക്കല്‍, അകലം പാലിക്കല്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം.
