ജിദ്ദ: ഹജ്ജ് സീസണിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും ജോലി ചെയ്യുന്ന, സൗദിയിൽ നിയമാനുസൃത ഇഖാമയിൽ കഴിയുന്ന വിദേശികൾക്ക് മക്കയിൽ പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റിനുള്ള അപേക്ഷകൾ ജവാസാത്ത് ഡയറക്ടറേറ്റ് സ്വീകരിക്കാൻ തുടങ്ങി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറും മുഖീം പോർട്ടലും വഴി ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിച്ച് പെർമിറ്റുകൾ അനുവദിക്കുന്നത്. ഇതിന് ജവാസാത്ത് ഓഫീസുകളെയും ശാഖകളെയും നേരിട്ട് സമീപിക്കേണ്ടതില്ല. ഹജ്ജ് പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഏകീകൃത ഡജിറ്റൽ പ്ലാറ്റ്‌ഫോം ആയ തസ്‌രീഹ് പ്ലാറ്റ്‌ഫോമുമായുള്ള സാങ്കേതിക സംയോജനത്തിലൂടെയാണ് അബ്ശിർ പ്ലാറ്റ്‌ഫോമും മുഖീം പോർട്ടലും വഴി ജവാസാത്ത് ഡയറക്ടറേറ്റ് വിദേശികൾക്ക് മക്കയിൽ പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റ് അനുവദിക്കുന്നത്.

മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗാർഹിക തൊഴിലാളികൾ, ആശ്രിതർ, പ്രീമിയം ഇഖാമ ഉടമകൾ, നിക്ഷേപകർ, സൗദി പൗരന്റെ വിദേശിയായ മാതാവ്, ഗൾഫ് പൗരന്മാർ എന്നിവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച ശേഷം അബ്ശിർ ഇൻഡിവിജ്വൽസ് വഴിയാണ് മക്കയിൽ പ്രവേശിക്കാനുള്ള പെർമിറ്റ് അനുവദിക്കുന്നത്. മക്കയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഹജ്ജ് സീസണിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും ജോലി ചെയ്യാൻ സീസൺ തൊഴിൽ വിസയിൽ രാജ്യത്തെത്തുന്നവർക്കും ഹജ്ജ് സീസണിൽ മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ കരാറുകൾ ഒപ്പുവെച്ചവർക്കും മക്കയിൽ പ്രവേശിക്കാനുള്ള പെർമിറ്റ് മുഖീം പോർട്ടൽ വഴിയും അനുവദിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം അടക്കം ഈ വർഷത്തെ ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സുരക്ഷിതത്വത്തോടെയും പ്രയാസരഹിതമായും മനസ്സമാധാനത്തോടെയും ഹജ്ജ് കർമം നിർവഹിക്കാൻ അവർക്ക് സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് അഞ്ചു ക്രമീകരണങ്ങൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വദേശികളും വിദേശികളും അടക്കം സൗദിയിലെ നിവാസികൾക്കും ഗൾഫ് പൗരന്മാർക്കും മറ്റു വിസകളിൽ സൗദിയിൽ കഴിയുന്നവർക്കും ഏപ്രിൽ 29 മുതൽ ജൂൺ പത്തു വരെയുള്ള ദിവസങ്ങളിൽ നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കും. വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകരെ ഏപ്രിൽ 14 മുതൽ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. വിദേശങ്ങളിൽ നിന്ന് എത്തിയ ഉംറ തീർത്ഥാടകർ രാജ്യം വിടേണ്ട അവസാന തിയ്യതി ഏപ്രിൽ 29 ചൊവ്വാഴ്ചയാണ്.
ഏപ്രിൽ 23 ബുധനാഴ്ച മുതൽ മക്കയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന, സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേക പെർമിറ്റ് നേടണം. നിയമാനുസൃത പെർമിറ്റ് ഇല്ലാത്ത വിദേശികളെ മക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ് ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കും. ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന പ്രത്യേക പെർമിറ്റും, മക്കയിൽ ഇഷ്യു ചെയ്ത ഇഖാമയും, ഹജ്ജ് പെർമിറ്റും മക്കയിൽ പ്രവേശിക്കാനുള്ള പെർമിറ്റ് ആയി പരിഗണിക്കും.
ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകൾ അബ്ശിർ ഇൻഡിവിജ്വൽസ് പ്ലാറ്റ്‌ഫോമും മുഖീം പോർട്ടലും വഴി ഇലക്‌ട്രോണിക് ആയാണ് അനുവദിക്കുക. ഹജ്ജ് വിസ ലഭിച്ചവർ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ ഏപ്രിൽ 29 മുതൽ ഹജജ്ജ് പൂർത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയിൽ പ്രവേശിക്കാനും മക്കയിൽ തങ്ങാനും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.