ജിദ്ദ. ഇന്ത്യക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ സ്വകാര്യ ഹജ് ക്വാട്ടയില്‍ 80 ശതമാനം സീറ്റും നഷ്ടമായ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മറുപടി അപൂര്‍ണവും അവ്യക്തവും. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകാനിരിക്കുന്ന ഭൂരിപക്ഷം തീര്‍ത്ഥാടകരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇനിയും പരിഹാരമായില്ല. സൗദി അറേബ്യയുടെ ഹജ് മന്ത്രാലയം നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ പണം അടക്കുകയും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യാത്തിനാലാണ് സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ക്കായി മാറ്റി വച്ച 52,000 സീറ്റുകളില്‍ 41,600 സീറ്റും നഷ്ടമായത്. ഈ വാര്‍ത്ത ദ മലയാളം ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ പുറത്തുവിട്ടതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടെങ്കിലും നഷ്ടമായ സീറ്റുകളില്‍ 10,000 സീറ്റുകള്‍ മാത്രം പുനസ്ഥാപിക്കുന്ന കാര്യമാണ് സൗദി അംഗീകരിച്ചത്. സ്വകാര്യ ഹജ് ക്വാട്ടയില്‍ ബാക്കി വരുന്ന 30,000ലേറെ സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല.

ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവച്ച ഹജ് കരാര്‍ പ്രകാരം 1.75 ലക്ഷം ഇന്ത്യക്കാര്‍ക്കാണ് ഹജിന് അവസരം. ഈ ക്വാട്ടയില്‍ 52,507 സീറ്റുകളാണ് സ്വകാര്യ മേഖലയ്ക്കായി നീക്കിവച്ചത്. ബാക്കി എല്ലാ സീറ്റും ഹജ് കമ്മിറ്റി നേരിട്ട് കൈകാര്യം ചെയ്യും. സ്വകാര്യ ഹജ് ക്വാട്ടയിലാണിപ്പോള്‍ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

ഹജ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള പണമടക്കലിനും കരാറുകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സൗദി ഹജ് മന്ത്രാലയത്തിന്റെ നുസുക് പോര്‍ട്ടല്‍ സമയ പരിധി അവസാനിച്ചതോടെ ക്ലോസ് ചെയ്തിരുന്നു. ഇതോടെയാണ് സീറ്റുകള്‍ നഷ്ടമായത്. ഇപ്പോള്‍ 10,000 തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളിക്കുന്നതിന് നുസുക് പോര്‍ട്ടല്‍ താല്‍ക്കാലികമായി തുറന്നു നല്‍കുമെന്നാണ് സൗദി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ഈ വീഴ്ചയ്ക്ക് ഉത്തരവാദികള്‍ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരാണെന്ന് ന്യൂനപക്ഷ മന്ത്രാലയം ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. സ്വകാര്യ ഗ്രൂപ്പുകള്‍ സ്വതന്ത്രമായാണ് നുസുക് പോര്‍ട്ടല്‍ വഴി എല്ലാ ക്രമീകരണങ്ങളും നടത്തേണ്ടത്. എന്നാല്‍ ഭൂരിപക്ഷം ഗ്രൂപ്പുകളും സമയപരിധിക്കുള്ളില്‍ പണം അടക്കുകയും കരാര്‍ സമര്‍പ്പിക്കുകയും ചെയ്തില്ല. ഇതിന്റെ ഫലമായാണ് സൗദി അധികൃതര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങള്‍ മരവിപ്പിച്ചതെന്നാണ് ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞത്.
എന്നാല്‍ സ്വാകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നത് മറ്റൊന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെയും ഹജ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ഭാഗത്തുണ്ടായ വീഴ്ചയാണ് ഈ സ്ഥിതിയിലെത്തിച്ചതെന്ന് അവര്‍ ആരോപിക്കന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സൗദി അധികൃതര്‍ നടപ്പിലാക്കിയ മാറ്റം അനുസരിച്ച് സ്വകാര്യ ഓപറേറ്റര്‍മാര്‍ സര്‍ക്കാര്‍ ചാനലുകള്‍ വഴിയാണ് പണം അടക്കേണ്ടത്. ഇതുപ്രകാരം ഭൂരിപക്ഷം സ്വകാര്യ ഓപറേറ്റര്‍മാരും സര്‍ക്കാരിന് പണം അടച്ചിട്ടുണ്ട്. അതായത് സ്വകാര്യ ഹജ് ഓപ്പറേറ്റർമാർ അടച്ച പണം സർക്കാരിന്റെ എക്കൗണ്ടിൽ എത്തിയെങ്കിലും സൗദി ഹജ് മന്ത്രാലയത്തിന് ലഭിച്ചില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. 2024ന് മുമ്പ് വരെ എല്ലാ പണമിടപാടുകളും സ്വകാര്യ ഓപറേറ്റര്‍മാര്‍ സൗദി ഹജ് മന്ത്രാലയവുമായി നേരിട്ടാണ് നടത്തിയിരുന്നതെന്നും ഓപറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
തീര്‍ത്ഥാടകരില്‍ നിന്ന് ബുക്കിങ് സ്വീകരിക്കുകയും പാക്കേജുകള്‍ നല്‍കുകയും വിമാന ടിക്കറ്റുകള്‍ ഒരുക്കുകയും വിവിധ സേവനങ്ങള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുകയും ചെയ്ത സ്വകാര്യ ഹജ് ഓപറേറ്റര്‍മാര്‍ ഈ അനിശ്ചിതാവസ്ഥയ്ക്ക് ഉടന്‍ പരിഹാരമാകുമെന്ന പ്രതീക്ഷിയിലാണ്. പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടവും വിശ്വാസ്യത നഷ്ടവുമാണ് വരാനിരിക്കുന്നത്. മിനയിലെ സോണുകള്‍ റദ്ദാക്കപ്പെടുകയും കരാറിന് അന്തിമരൂപം നല്‍കാന്‍ കഴിയാത്തതും മൂലം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായിരിക്കുകയാണ്. ഇതിലുപരി ഈ വര്‍ഷം സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജിന് പോകാനിരിക്കുന്ന തീര്‍ത്ഥാടകരുടെ യാത്രയും അനിശ്ചിതത്വത്തിലാണ്.
സ്വകാര്യ ഗ്രൂപ്പുകള്‍ പ്രീമിയം സേവനങ്ങളും മിനയിലെ ജംറക്കടുത്ത സോണില്‍ സൗകര്യമൊരുക്കുമെന്നതിനാലാണ് പല തീര്‍ത്ഥാടകരും സ്വകാര്യ ഗ്രൂപ്പുകളെ ആശ്രയിക്കുന്നത്. ഗ്രൂപ്പുകള്‍ക്ക് പൂര്‍ണമായും പണം നല്‍കിയിട്ടും ഈ വര്‍ഷത്തെ ഹജ് അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ആയിരങ്ങൾ. പുതിയ പ്രതിസന്ധി കാരണം ഈ വര്‍ഷത്തെ തീര്‍ത്ഥാടകരില്‍ 30 ശതമാനം പേരുടെ യാത്രയാണ് അവതാളത്തിലായിരിക്കുന്നത്. എത്രയും വേഗം ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സ്വകാര്യ ഹജ് ക്വാട്ട പൂര്‍ണമായും നിലച്ചേക്കുമെന്നും ആശങ്കയുണ്ട്. ഇത് ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും സര്‍ക്കാരിന്റെ പ്രതിച്ഛായക്കും തിരിച്ചടിയാകും.
സൗദി ഹജ് ഉംറ മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ദല്‍ഹിയിലെ ന്യൂനപക്ഷകാര്യ മന്ത്രാലയവും തമ്മില്‍ ഏകോപനമില്ലാത്തതാണ് പ്രശ്നമെന്ന് പല സ്വകാര്യ ഗ്രൂപ്പുകളും ആരോപിക്കുന്നു. സംവിധാനങ്ങള്‍ സങ്കീര്‍ണമാണെന്നും സാങ്കേതിക പ്രശ്നങ്ങള്‍ ഹജ് പോലുള്ള സേവനങ്ങളെ ബാധിക്കാന്‍ പാടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലളിതവും സുതാര്യവുമായ നടപടികളാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ഈ പ്രതിസന്ധി പരിഹരിക്കപ്പെടുന്ന ശുഭാപ്തി വിശ്വാസത്തിലാണ് തീര്‍ത്ഥാടകരും സ്വകാര്യ ഗ്രൂപ്പുകളും.