ജിദ്ദ – ലോകത്ത് വിമാന സര്‍വീസുകളുടെ സമയനിഷ്ഠയുടെ കാര്യത്തില്‍ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ വീണ്ടും ഒന്നാം സ്ഥാനത്ത്. നേരത്തെയും ഈ നേട്ടം സൗദിയ കൈവരിച്ചിരുന്നു. 2025 മാര്‍ച്ചിലെ സിറിയം റിപ്പോര്‍ട്ട് അനുസരിച്ച് വിമാന സര്‍വീസുകളുടെ കൃത്യനിഷ്ഠ പാലിക്കുന്നതില്‍ ആഗോളതലത്തില്‍ വിമാന കമ്പനികളുടെ പട്ടികയില്‍ സൗദിയ ഒന്നാമതെത്തി. മാര്‍ച്ചില്‍ സൗദിയ 16,000 ലേറെ വിമാന സര്‍വീസുകള്‍ നടത്തി. എത്തിച്ചേരല്‍ സമയത്തിന്റെ കൃത്യനിഷ്ഠയില്‍ 94.07 ശതമാനവും പുറപ്പെടല്‍ സമയനിഷ്ഠയില്‍ 94 ശതമാനവും സൗദിയ കൈവരിച്ചു. സൗദിയ യാത്രക്കാരുടെ സംതൃപ്തിയും യാത്രാനുഭവവും വര്‍ധിപ്പിക്കുന്നതില്‍ സമയനിഷ്ഠ പാലിക്കുന്നതിന്റെ പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

പ്രവര്‍ത്തന കാര്യക്ഷമത നിലനിര്‍ത്തുക എന്നത് സൗദിയയുടെ പുതിയ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. സൗദി വിഷന്‍ 2030 ന് അനുസൃതമായി രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ അഭൂതപൂര്‍വമായ വികസനത്തിനിടയിലും മികച്ച ജീവനക്കാരുടെയും നൂതന ഡിജിറ്റല്‍ സംവിധാനങ്ങളുടെയും പിന്തുണയോടെ യോജിപ്പുള്ള ഒരു സംവിധാനമായി പ്രവര്‍ത്തിക്കുന്ന സൗദിയ ഗ്രൂപ്പ് കമ്പനികള്‍ തമ്മിലുള്ള സംയോജനത്തിന്റെ ഫലമായാണ് ഫ്‌ളൈറ്റ് ഷെഡ്യൂളുകളുടെ സമയനിഷ്ഠ കൈവരിക്കാന്‍ സാധിക്കുന്നത്.

സൗദിയ പ്രതിദിനം ശരാശരി 540 വിമാന സര്‍വീസുകള്‍ നടത്തുന്നു. റമദാനിലെ ഉംറ സീസണില്‍ വിമാന സര്‍വീസുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടും കാലാവസ്ഥ, പ്രവര്‍ത്തന സാഹചര്യങ്ങള്‍ തുടങ്ങിയ സാധാരണ വ്യോമയാന വെല്ലുവിളികളെ അതിജീവിച്ച് സൗദിയ വിമാന ഷെഡ്യൂളുകളില്‍ ഉയര്‍ന്ന തോതില്‍ കൃത്യനിഷ്ഠ പാലിച്ചതായി എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു.
നിലവിലുള്ള 147 വിമാനങ്ങളുടെ കൂട്ടത്തിലേക്ക് വരും വര്‍ഷങ്ങളില്‍ 118 പുതിയ വിമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് വിമാനനിര വിപുലീകരിക്കാന്‍ സൗദിയ ശ്രമിക്കുന്നു. മികച്ച സ്വദേശി ജീവനക്കാരെ ആകര്‍ഷിച്ചും ആഗോള വ്യോമയാന വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചും പരിപാലിച്ചും പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പാക്കാന്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.