ജിദ്ദ – മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനതാവങ്ങളിൽ ഒന്നാം സ്ഥാനം മദീന എയർപോർട്ടിന്. സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് ദാന ചടങ്ങിലാണ് മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെ 2025 ലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച റീജിയനല്‍ വിമാനത്താവളമായി തെരഞ്ഞെടുത്തത്. ഇത് നാലാം തവണയാണ് മദീന എയര്‍പോര്‍ട്ടിന് ഈ ബഹുമതി ലഭിക്കുന്നത്. 2020 ലും 2021 ലും 2024 ലും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി മദീന എയർപ്പോർട്ടിനെ തെരഞ്ഞെടുത്തിരുന്നു. മറ്റേതാനും അന്താരാഷ്ട്ര, പ്രാദേശിക അവാര്‍ഡുകളും അംഗീകാരങ്ങളും മദീന എയര്‍പോര്‍ട്ടിന് ലഭിച്ചിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി മദീന വിമാനത്താവളത്തെ മാറ്റി.

മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ സ്ഥാനം ഉറപ്പിക്കാന്‍ സ്‌കൈട്രാക്‌സ് അവാര്‍ഡ് സഹായിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച 100 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ 50-ാം സ്ഥാനവും 10-20 ദശലക്ഷം യാത്രക്കാരുടെ വിഭാഗത്തില്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനവും മദീന എയര്‍പോര്‍ട്ട് നിലനിര്‍ത്തി. അസാധാരണമായ യാത്രാനുഭവവും നൂതന സേവനങ്ങളും നല്‍കുന്നതില്‍ മികവ് സ്ഥിരീകരിക്കുന്ന നിരവധി അവാര്‍ഡുകള്‍ മദീന എയര്‍പോര്‍ട്ടിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മദീന വിമാനത്താവളത്തില്‍ 1.2 കോടി യാത്രക്കാരെ സ്വീകരിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തിലെ തുടര്‍ച്ചയായ വളര്‍ച്ചയും മദീന വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകളുള്ള നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യവും ഇത് പ്രതിഫലിപ്പിക്കുന്നു. വിമാനത്താവള വിപുലീകരണത്തിന്റെ രണ്ടാം ഘട്ടം വൈകാതെ ആരംഭിക്കും. വികസന പദ്ധതിയുടെ ഭാഗമായി 53,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതും പ്രതിവര്‍ഷം 55 ലക്ഷം യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതുമായ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിക്കും. ഇതോടൊപ്പം നിലവിലുള്ള ടെര്‍മിനലും വികസിപ്പിക്കുന്നുണ്ട്. 2027 അവസാനത്തോടെ മദീന എയര്‍പോര്‍ട്ടിന്റെ പ്രതിവര്‍ഷ ശേഷി 1.8 കോടി യാത്രക്കാരിലെത്തും.
കഴിഞ്ഞ വര്‍ഷാവസാനത്തോടെ മദീന വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര, ആഭ്യന്തര നഗരങ്ങളുടെ എണ്ണം 59 ആയി ഉയര്‍ന്നു. അഞ്ചു പുതിയ വിമാന കമ്പനികള്‍ കൂടി മദീനയിലേക്ക് സര്‍വീസ് ആരംഭിച്ചു. ഇതോടെ മദീന വിമാനത്താവളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാന കമ്പനികളുടെ എണ്ണം 77 ആയി ഉയര്‍ന്നു. അടുത്ത ഓഗസ്റ്റ് മുതല്‍ മദീന വിമാനത്താവളത്തിനും ലണ്ടന്‍ ഗാറ്റ്വിക്ക് വിമാനത്താവളത്തിനും ഇടയില്‍ ദിവസേന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്താനുള്ള പങ്കാളിത്ത കരാറും ഒപ്പുവെച്ചിട്ടുണ്ട്. വ്യോമഗതാഗത മേഖലയെ പിന്തുണക്കാനും സന്ദര്‍ശകരുടെയും യാത്രക്കാരുടെയും മദീന യാത്ര സുഗമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
മദീന പ്രവിശ്യ ഗവര്‍ണറുടെ നിര്‍ദേശ പ്രകാരവും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ മേല്‍നോട്ടത്തിലും വിമാനത്താവളത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന വലിയ പരിശ്രമങ്ങളെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച റീജിയനല്‍ വിമാനത്താവളത്തിനുള്ള ഉപഭോക്തൃ വോട്ടുകളും പ്രതിഫലിപ്പിക്കുന്നതായി തൈബ എയര്‍പോര്‍ട്ട്‌സ് ഓപ്പറേഷന്‍സ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ സുഫ്‌യാന്‍ അബ്ദുസ്സലാം പറഞ്ഞു. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന പങ്കാളികളും വകുപ്പുകളും നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്. പങ്കാളികളുടെയും വകുപ്പുകളുടെയും പ്രവര്‍ത്തന മികവ് ഈ നേട്ടം കൈവരിക്കുന്നതില്‍ അടിസ്ഥാനപരമായ പങ്ക് വഹിച്ചതായും എന്‍ജിനീയര്‍ സുഫ്‌യാന്‍ അബ്ദുസ്സലാം പറഞ്ഞു.
