ജിദ്ദ – നഗരവാസികള്‍ക്കും ജിദ്ദ സന്ദര്‍ശകര്‍ക്കും നവ്യാനുഭവമായി ജിദ്ദ വാട്ടര്‍ ടാക്‌സി സര്‍വീസ്. വാട്ടര്‍ ടാക്‌സി ടിക്കറ്റ് നിരക്ക് 25 റിയാലായി ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നിശ്ചയിച്ചു. കഴിഞ്ഞ മാസമാണ് ജിദ്ദയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാട്ടര്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചത്. വാട്ടര്‍ ടാക്‌സി യാത്രക്ക് അര മണിക്കൂര്‍ മുതല്‍ 45 മിനിറ്റ് വരെ സമയമെടുക്കുമെന്നും യാത്രയ്ക്ക് 15 മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് സമയം നിശ്ചയിച്ചതായും കമ്പനി അറിയിച്ചു.
ജിദ്ദ യാച്ച് ക്ലബ്, ഹിസ്‌റ്റോറിക് ജിദ്ദ ഏരിയ (ബലദ്), നിലവില്‍ അടച്ചിട്ടിരിക്കുന്നതും വൈകാതെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതുമായ ശറം അബ്ഹുര്‍ എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍. ഭാവിയില്‍ ജിദ്ദ കടല്‍ത്തീരത്തുള്ള മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കും.

കോര്‍ണിഷിനു ചുറ്റുമുള്ള കാഴ്ചകള്‍ വീക്ഷിക്കാനായി ഒരേ സ്ഥലത്തേക്കും തിരിച്ചുമായി 5,000 സന്ദര്‍ശകര്‍ ഇതിനകം വാട്ടര്‍ ടാക്‌സി സര്‍വീസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാട്ടര്‍ ടാക്‌സിയില്‍ ടിക്കറ്റ് ആവശ്യമില്ല.
ജിദ്ദയിലെ സവിശേഷ അനുഭവമായി കണക്കാക്കപ്പെടുന്നതിനാല്‍, വാട്ടര്‍ ടാക്‌സി സര്‍വീസിന് സന്ദര്‍ശകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. ബോര്‍ഡിംഗ് സമയത്ത് പണമടച്ചോ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. വൈകീട്ട് അഞ്ചു മുതല്‍ രാത്രി 11 വരെയാണ് വാട്ടര്‍ ടാക്‌സി സര്‍വീസുകളുള്ളത്.

കടലിനെയും പ്രകൃതിദൃശ്യങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ജിദ്ദ സീ ടാക്‌സി സര്‍വീസ് രസകരവും സവിശേഷവുമായ വിനോദസഞ്ചാര അനുഭവമാണെന്ന് മന്‍സൂര്‍ അല്‍ഗാംദി പറഞ്ഞു. കോര്‍ണിഷിലെ ഏതാനും സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന സമുദ്ര ഗതാഗത സംവിധാനമാണിത്. ഗതാഗതത്തിനും ചെറിയ കടല്‍ യാത്ര ആസ്വദിക്കാനും ആളുകള്‍ വാട്ടര്‍ ടാക്‌സി ഉപയോഗിക്കുന്നു. വേഗതയേറിയതും സുഖകരവുമായ ഗതാഗത മാര്‍ഗമായതിനാല്‍ വാട്ടര്‍ ടാക്‌സിയെ കൂടുതല്‍ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നത് സന്ദര്‍ശകര്‍ക്ക് പ്രയോജനകരമാകുമെന്നും മന്‍സൂര്‍ അല്‍ഗാംദി പറഞ്ഞു.
കോര്‍ണിഷിലൂടെ സമാന്തരമായി കടന്നുപോകുന്നതിനാല്‍ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനും കിംഗ് ഫഹദ് ജലധാര, ജിദ്ദ വാക്ക്, ആഡംബര റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ പോലുള്ള ലാന്‍ഡ്മാര്‍ക്കുകള്‍ വീക്ഷിക്കാനും ജിദ്ദ വാട്ടര്‍ ടാക്‌സി അവസരമൊരുക്കുന്നതായി മറ്റൊരു യാത്രക്കാരനായ ബാസിം സ്വാലിഹ് പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്കിന് ബദലാണിത്. വാട്ടര്‍ ടാക്‌സി പുതിയതും ആസ്വാദ്യകരവുമായ അനുഭവം പ്രദാനം ചെയ്യുന്നു. ഓപ്പറേറ്റര്‍മാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കുന്നുണ്ട്. ഔദ്യോഗിക വകുപ്പുകളുടെ മല്‍നോട്ടത്തിലാണ് വാട്ടര്‍ ടാക്‌സി സര്‍വീസ് നടത്തുന്നത്. കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും അനുയോജ്യമായ അനുഭവമാണ് വാട്ടര്‍ ടാക്‌സി സര്‍വീസ് നല്‍കുന്നതെന്നും ബാസിം സ്വാലിഹ് പറഞ്ഞു.
സീ ടാക്‌സി പദ്ധതിയില്‍ നിലവില്‍ രണ്ട് സ്ഥലങ്ങളിലേക്കാണ് സര്‍വീസുകളുള്ളതെന്ന് ഫാത്തിമ അല്‍ഖഹ്താനി പറഞ്ഞു. സീ ടാക്‌സി പദ്ധതിയില്‍ കൂടുതല്‍ സ്ഥലങ്ങളെ ബന്ധിപ്പിക്കണം. ഉയര്‍ന്ന ജനസാന്ദ്രതയുടെ ഫലമായി ജിദ്ദയില്‍ അനുഭവപ്പെടുന്ന കടുത്ത ഗതാഗത്തിരക്ക് കാരണം വാഹനങ്ങള്‍ക്ക് പകരമായി ഭാവിയില്‍ സൗകര്യപ്രദമായ ഗതാഗത മാര്‍ഗമായി വാട്ടര്‍ ടാക്‌സി ആളുകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാട്ടര്‍ ടാക്‌സിയെ നിരവധി സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നത് നഗരത്തിലെ റോഡുകളിലെ തിരക്ക് കുറക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്യുമെന്ന് ഫാത്തിമ അല്‍ഖഹ്താനി പറഞ്ഞു.