ജിദ്ദ – പുതുക്കിയ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗദി ജവാസാത്ത് ഡയറക്ടറേറ്റില്‍ ഓണ്‍ലൈന്‍ ആയി സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ വിദേശികള്‍ക്ക് സൗകര്യമൊരുക്കുന്ന സേവനം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ നിലവില്‍വന്നു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി മുതല്‍ ജവാസാത്ത് ശാഖകളെ നേരിട്ട് സമീപിക്കേണ്ടതില്ല. സേവനം പ്രയോജനപ്പെടുത്താന്‍ വിദേശിയുടെ പ്രായം 18 കവിയണമെന്നും സര്‍വീസ് ചാര്‍ജ് ആയി മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 69 റിയാല്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ ഖിദ്മാത്തീ, ജവാസാത്ത്, ഹവിയ്യതു മുഖീം സേവനങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യല്‍ എന്നീ ഐക്കണുകള്‍ യഥാക്രമം തെരഞ്ഞെടുത്താണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.

പാസ്‌പോര്‍ട്ടിന്റെ വ്യക്തമായ ഫോട്ടോ കോപ്പി അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ അറ്റാച്ച് ചെയ്ത് സമര്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. പാസ്‌പോര്‍ട്ട് നമ്പറും കാലാവധി തീരുന്ന തീയതിയും അബ്ശിര്‍ പ്ലാറ്റ്‌ഫോം ഓട്ടോമാറ്റിക് ആയി റീഡ് ചെയ്യും. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിട്ടില്ല എന്നും തന്റെ പേരില്‍ ഹുറൂബ് ഇല്ല എന്നും വ്യക്തമാക്കി വിദേശി സത്യവാങ്മൂലം നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

പുതിയ പാസ്‌പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇഖാമയുടെ പേരില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടാകാനും സുരക്ഷാ വകുപ്പുകള്‍ ബാധകമാക്കിയ നിയന്ത്രണങ്ങള്‍ ഉണ്ടാകാനും പാടില്ല. സേവനം പ്രയോജനപ്പെടുത്തുന്നയാള്‍ ജീവനോടെയുണ്ടാകണമെന്നും നിബന്ധനയുണ്ട്. ഒരു തൊഴിലാളിക്ക് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
ഇതേ വിദേശിക്ക് മറ്റൊരു പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ജവാസാത്തിനെ നേരിട്ട് സമീപിക്കല്‍ നിര്‍ബന്ധമാണ്. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അപ്‌ഡേറ്റ് ചെയ്തത് എന്ന് തെളിഞ്ഞാല്‍ സേവനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വ്യക്തിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആളുടെ ഉത്തരവാദിത്തത്തിലാണ് പുതുക്കിയതോ പുതിയതോ ആയ പാസ്‌പോര്‍ട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. പഴയ പാസ്‌പോര്‍ട്ട് കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയതാണെങ്കിലും ഇവര്‍ക്ക് പ്രത്യേകമായി പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ജവാസാത്ത് ശാഖകളെ നേരിട്ട് സമീപിക്കല്‍ നിര്‍ബന്ധമാണ്.