ജിദ്ദ: സൗദി അറേബ്യയുടെ വാണിജ്യ നഗരമായ ജിദ്ദയേയും തലസ്ഥാനമായ റിയാദിനേയും ബന്ധിപ്പിക്കുന്ന റെയില്‍പാത നിര്‍മാണ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. സൗദി ലാൻഡ്ബ്രിജ് എന്നു പേരിട്ടിരിക്കുന്ന 1,500 കിലോമീറ്ററിലേറെ നീളമുള്ള ആറു റെയില്‍പാതകള്‍ ഉൾപ്പെടുന്ന പദ്ധതി രൂപകല്‍പന ചെയ്യാനുള്ള ടെന്‍ണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി ബിസിനസ് മാസികയായ മീഡ് റിപോർട്ട് ചെയ്തു. സൗദി അറേബ്യ റെയില്‍വേസിന്റെ മേൽനോട്ടത്തിലാണ് പദ്ധതി. മേഖലയിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്. ഏകദേശം 700 കോടി ഡോളറാണ് (2,625 കോടി റിയാല്‍) പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. റിയാദിനും ജിദ്ദക്കുമിടയിൽ 950 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റെയില്‍പാതയുടെ നിര്‍മാണവും ദമാമിനും ജുബൈലിനുമിടയിൽ 115 കിലോമീറ്റര്‍ നീളമുള്ള മറ്റൊരു പാതയും ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ റെയിൽപാതയും അനുബന്ധ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും വഴി ബന്ധിപ്പിക്കുന്ന ലാന്‍ഡ്ബ്രിഡ്ജ് നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജനുവരിയില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞിരുന്നു. സൗദി അറേബ്യയില്‍ ആസൂത്രണം ചെയ്തിട്ടുള്ള ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഒന്നാണിത്.

പദ്ധതിയില്‍ ആറു റെയില്‍പാതകള്‍ അടങ്ങിയിരിക്കുന്നു. ആദ്യ ലൈനില്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ആന്തരിക ശൃംഖലയുടെ നവീകരണം ഉള്‍പ്പെടുന്നു. ഈ പാത ഏകദേശം പത്തു കിലോമീറ്റര്‍ കൂടി നീട്ടേണ്ടതുണ്ട്. രണ്ടാമത്തെ പാതയില്‍ ജുബൈല്‍-ദമാം റെയില്‍വെ ലൈന്‍ നവീകരണം ഉള്‍പ്പെടുന്നു. ഇതും നിര്‍മാണ ഘട്ടത്തിലാണ്. ജുബൈല്‍-ദമാം റെയില്‍വെ ലൈന്‍ നവീകരണത്തിന്റെ ഭാഗമായി 35 കിലോമീറ്റര്‍ ട്രാക്ക് നിര്‍മിക്കേണ്ടിയും വരും. മൂന്നാമത്തെ പാതയില്‍ ദമാം-റിയാദ് റെയില്‍വെ ലൈന്‍ നവീകരണം അടങ്ങിയിരിക്കുന്നു. ഇതില്‍ 87 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍പാത നിര്‍മിക്കും.
റിയാദ് റോഡ് എന്നറിയപ്പെടുന്ന നാലാമത്തെ പാത നഗരത്തിന്റെ വടക്കു ഭാഗത്തുള്ള നിലവിലുള്ള ശൃംഖലയില്‍ നിന്ന് തെക്കു വരെ നീളുന്നു. ഇതിനെ രണ്ട് ഭാഗമായി തിരിച്ചിരിക്കുന്നു. ആദ്യത്തേതിന് 67 കിലോമീറ്റര്‍ നീളവും രണ്ടാമത്തേതിന് 35 കിലോമീറ്റര്‍ നീളവുമുണ്ട്.
അഞ്ചാമത്തെ പാത റിയാദില്‍ നിന്ന് ജിദ്ദയിലേക്കും പിന്നീട് റാബിഗ് കിംഗ് അബ്ദുല്ല തുറമുഖത്തേക്കുമുള്ള ഒരു ലിങ്കുമാണ്. ഈ പാതയില്‍ ജമൂമ, മോയ, ദവാദ്മി എന്നിവിടങ്ങളിലായി മൂന്ന് സ്റ്റേഷനുകളുണ്ടാകും. റിയാദ്-ജിദ്ദ പാതയുടെ നീളം 920 കിലോമീറ്ററും ജിദ്ദ-കിംഗ് അബദുല്ല തുറമുഖ ലിങ്കിന്റെ നീളം 146 കിലോമീറ്ററുമാണ്. റാബിഗ് കിംഗ് അബ്ദുല്ല തുറമുഖത്തു നിന്ന് യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലേക്കുള്ള 172 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയാണ് ആറാമത്തെ ലൈന്‍.
ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി ലോജിസ്റ്റിക്‌സ് സെന്റര്‍, ദമാം ലോജിസ്റ്റിക്‌സ് ഡ്രൈ ഡോക്ക്, റിയാദ് ഡ്രൈ ഡോക്ക്, റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് ലോജിസ്റ്റിക്‌സ് സെന്റര്‍, ജിദ്ദ ലോജിസ്റ്റിക്‌സ് ഡ്രൈ ഡോക്ക്, കിംഗ് അബ്ദുല്ല പോര്‍ട്ട് ലോജിസ്റ്റിക്‌സ് സെന്റര്‍, യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റി ലോജിസ്റ്റിക്‌സ് സെന്റര്‍ എന്നിങ്ങനെ ലാന്‍ഡ് ബ്രിഡ്ജ് പദ്ധതിയില്‍ ഏഴു ലോജിസ്റ്റിക്‌സ് സെന്ററുകളുണ്ടാകും.
അമേരിക്ക ആസ്ഥാനമായുള്ള ഹില്‍ ഇന്റര്‍നാഷണല്‍, ഇറ്റലിയിലെ ഇറ്റാല്‍ഫര്‍, സ്‌പെയിനിലെ സെനര്‍ എന്നീ കമ്പനികള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിന് ലാന്‍ഡ് ബ്രിഡ്ജ് പദ്ധതിക്ക് പ്രോജക്ട് മാനേജ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള കരാര്‍ ലഭിച്ചതായി 2023 ഡിസംബറില്‍ മീഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലാന്‍ഡ് ബ്രിഡ്ജ് പദ്ധതിയിലെ ആറു പ്രധാന പാതകള്‍
പത്തു കിലോമീറ്റര്‍ റെയില്‍പാതയുടെ നിര്‍മാണം ഉള്‍പ്പെടെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി ശൃംഖല നവീകരണം.
ജുബൈല്‍-ദമാം റെയില്‍വെ ലൈന്‍ നവീകരണം. 35 കിലോമീറ്റര്‍ റെയില്‍പാത നിര്‍മാണം ഇതില്‍ അടങ്ങിയിരിക്കുന്നു.
ദമാം-റിയാദ് പാത നവീകരണം. ഇതില്‍ 87 കിലോമീറ്റര്‍ റെയില്‍വെ നവീകരണം ഉള്‍പ്പെടുന്നു.
റിയാദിന്റെ വടക്ക് ഭാഗത്തെ തെക്കുമായി ബന്ധിപ്പിക്കുന്ന, രണ്ട് ഭാഗങ്ങളായി വിഭജിച്ച റിയാദ് ഡൈവേര്‍ഷന്‍ ലൈന്‍. ആദ്യത്തേതിന് 67 കിലോമീറ്ററും രണ്ടാമത്തേതിന് 35 കിലോമീറ്ററും നീളമുണ്ടാകും.
റിയാദ്, ജിദ്ദ, റാബിഗ് കിംഗ് അബ്ദുല്ല തുറമുഖം എന്നിവയെ ബന്ധിപ്പിച്ച് 1,066 കിലോമീറ്റര്‍ റെയില്‍പാത നിര്‍മാണം.
റാബിഗ് കിംഗ് അബ്ദുല്ല തുറമുഖത്തു നിന്ന് യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലേക്ക് 172 കിലോമീറ്റര്‍ നീളമുള്ള പുതിയ പാത.