അബുദാബി: അന്താരാഷ്ട്രതലത്തിൽ യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കുന്ന പുതിയചിഹ്നം പുറത്തിറക്കി യു.എ.ഇ സെൻട്രൽബാങ്ക്. ആഗോള സാമ്പത്തികകേന്ദ്രമെന്നനിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇംഗ്ലിഷ് അക്ഷരം ‘ഡി’യിൽ രൂപപ്പെടുത്തിയതാണ് ചിഹ്നം. ‘ഡി’യുടെ മധ്യത്തിലായി രണ്ട് വരകളുമുണ്ട്. യു.എ.ഇ പതാകയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഡിയുടെ മധ്യത്തിലെ വരകൾ. ഇത് സാമ്പത്തികസ്ഥിരതയെയാണ് പ്രതിനിധാനംചെയ്യുന്നത്. ഡിജിറ്റൽ ദിർഹം ചിഹ്നത്തിൽ ‘ഡി’ക്ക് ചുറ്റും വലിയ വൃത്തം കൂടിയുണ്ട്. യു.എ.ഇ പതാകയുടെ നിറമാണ് ഡിജിറ്റൽ ചിഹ്നത്തിന്.

ഡിജിറ്റൽ ദിർഹം പുറത്തിറക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സാമ്പത്തിക കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാനാണ് ഡിജിറ്റൽ ദിർഹം ലക്ഷ്യമിടുന്നത്. ഈ വർഷാവസാനത്തോടെ കറൻസി നോട്ടുകൾക്കൊപ്പം പേമെന്റ് രീതിയായി ഡിജിറ്റൽ ദിർഹത്തിനും അംഗീകാരംനൽകും. യുഎഇ സെൻട്രൽ ബാങ്ക് രാജ്യാന്തര നാണയ വിനിമയ കമ്മിറ്റി എഫ്എക്സ് ഗ്ലോബൽ കോഡിന്റെ ഭാഗമായതോടെയാണ് ദിർഹത്തിന് സ്വന്തം ചിഹ്നം ആവശ്യമായി വന്നത്. അറബ് മേഖലയിൽ നിന്ന് എഫ്എക്സ് ഗ്ലോബൽ കോഡിന്റെ ഭാഗമാകുന്ന ആദ്യ രാജ്യമാണ് യു എ ഇ .യുഎഇ ദിര്‍ഹമിനെ ഒരു അന്താരാഷ്ട്ര കറന്‍സിയായി സ്ഥാപിക്കാനുള്ള സിബിയുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ലോഗോ അവതരണം. ഈ വർഷം അവസാനത്തോടെ ദിർഹം ചിഹ്നം ഔദ്യോഗികമായി നിലവിൽ വരും.

