ദുബായ്: യു.എ.ഇയിൽ ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസായി കുറച്ചു. നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ് തികഞ്ഞവർക്ക് മാർച്ച് 29 മുതൽ ഡ്രൈവിങ്ങ് ലൈസൻസിനായി രജിസ്റ്റർ ചെയ്യാം.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുഎഇ സർക്കാർ പുതിയ നിയമം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കാറുകൾക്കും ലൈറ്റ് വാഹനങ്ങൾക്കും ലൈസൻസ് നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായമാണ് 18 ൽ നിന്ന് 17 ആയി കുറച്ചത്.
നിലവിലുള്ള നിയമമനുസരിച്ച്, പതിനേഴര വയസുള്ളവർക്കും ലൈസൻസിനായി രജിസ്റ്റർ ചെയ്യാം. അവർക്ക് ഡ്രൈവിങ് പഠിക്കാനും ടെസ്റ്റ് വിജയിക്കാനും കഴിയും. എന്നാൽ അപേക്ഷകന് 18 വയസ് തികയുമ്പോൾ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളു.