മക്ക – വിശുദ്ധ ഹറമില്‍ വിലക്കുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശ ഗൈഡ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തീര്‍ഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും പുണ്യമാസത്തില്‍ ഹറമില്‍ ആരാധാന കര്‍മങ്ങളും പ്രാര്‍ഥനകളും സുഗമമാക്കാനും വിലക്കിയ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രാലയം പറഞ്ഞു. ഹറമിനകത്തേക്കും മുറ്റങ്ങളിലേക്കും എല്ലാത്തരം ആയുധങ്ങളും മൂര്‍ച്ചയുള്ള ഉപകരണങ്ങളും കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഏത് ആവശ്യത്തിനായാലും സംഭാവനകള്‍ ശേഖരിക്കുന്നതിനും വിലക്കുണ്ട്. ഹറമിന്റെ സമീപപ്രദേശങ്ങളിലെ ചത്വരങ്ങളിലേക്കും ഹറമിലേക്കുള്ള വഴികളിലും മോട്ടോര്‍ സൈക്കിളുകളും സൈക്കിളുകളും പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്.

ഹറമിലും മുറ്റങ്ങളിലും പുകവലി, ഭിക്ഷാടനം, വില്‍പന, ലഗേജുകളും വ്യക്തിഗത വസ്തുക്കളും കൊണ്ടുപോകല്‍, ലഗേജുകള്‍ ഹറമിനകത്തോ പുറത്തുനിന്നോ ജനാലകളില്‍ തൂക്കിയിടല്‍, മുറ്റത്ത് ഉപേക്ഷിക്കല്‍, തീര്‍ഥാടകരുടെയും വിശ്വാസികളുടെയും മനസ്സമാധാനത്തെയും ത്വവാഫ്, സഅ്‌യ് കര്‍മങ്ങളെയും ബാധിക്കുന്ന പ്രവൃത്തികള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.
പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകള്‍, ഹറമൈന്‍ ട്രെയിന്‍, സ്വകാര്യ കാറുകള്‍, ടാക്‌സികള്‍, ഷട്ടില്‍ ബസ് സര്‍വീസുകള്‍ എന്നിവ ഉപയോഗിച്ച് ഉംറക്കും നമസ്‌കാരത്തിനും ഹറമില്‍ എങ്ങിനെ എത്തിച്ചേരാം, മക്കക്ക് പുറത്തും അകത്തുമുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തിരിച്ചറിയല്‍ എന്നിവയെ കുറിച്ച മാര്‍ഗനിര്‍ദേശങ്ങളും ഗൈഡില്‍ ഉള്‍പ്പെടുത്തി.
റോഡുകളിലെയും ഹറമിന്റെ കവാടങ്ങളിലെയും മുറ്റങ്ങളിലെയും സൈന്‍ബോര്‍ഡുകള്‍ വഴി ത്വവാഫ് ചെയ്യാന്‍ ലഭ്യമായ സ്ഥലങ്ങളും അവയിലേക്ക് നയിക്കുന്ന വഴികളും സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ തീര്‍ഥാടകര്‍ക്കുള്ള ഡിജിറ്റല്‍ ഗൈഡ് വിശദീകരിക്കുന്നു. സുരക്ഷ കാത്തുസൂക്ഷിക്കാനും ഉംറയും നമസ്‌കാരങ്ങളും എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിര്‍വഹിക്കാനും സഹായിക്കുന്ന നിരവധി മറ്റു നിര്‍ദേശങ്ങളും ഗൈഡില്‍ അടങ്ങിയിരിക്കുന്നു.