ജിദ്ദ – കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദി അറേബ്യ നാലര ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. രണ്ടു വര്‍ഷത്തിനിടെ ഒരു പാദവര്‍ഷത്തില്‍ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണിത്. പെട്രോളിതര മേഖലയില്‍ 4.7 ശതമാനവും എണ്ണ മേഖലയില്‍ 3.4 ശതമാനവും സര്‍ക്കാര്‍ മേഖലയില്‍ 2.2 ശതമാനവും സാമ്പത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ അര ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു.

കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ 1.3 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. പെട്രോളിതര മേഖല 4.3 ശതമാനവും സര്‍ക്കാര്‍ മേഖല 2.6 ശതമാനവും സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ 2023 നെ അപേക്ഷിച്ച് 2024 ല്‍ എണ്ണ മേഖലയില്‍ വളര്‍ച്ച 4.5 ശതമാനം തോതില്‍ കുറഞ്ഞു.