ദോഹ: ഖത്തറിൽ മൈനകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെപതിനായിരത്തോളം മൈനകളെയാണ് പിടികൂടിയത്. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നത്. ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് ഇന്ത്യൻ ക്രോ എന്നറിയപ്പെടുന്ന മൈനകൾ. ഖത്തറിൽ മൈനകളുടെ എണ്ണം ഗണ്യമായി കൂടിയതോടെയാണ് ഇവയെ പിടികൂടാനും വംശവർധന തടയാനും ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു.

പ്രൊജക്ട് നടപ്പാക്കിയതിന് ശേഷം 28000 ത്തോളം മൈനകളാണ് കൂട്ടിലായത്. പിടികൂടിയ മൈനകൾക്കായി പ്രത്യേക കൂടുകളും തയ്യാറാക്കിയിട്ടുണ്ട്. പൊതുവെ മനുഷ്യർക്ക് പ്രയാസമൊന്നും ഉണ്ടാക്കില്ലെങ്കിലും മറ്റുപക്ഷികളെ അപേക്ഷിച്ച് ഇവ ആക്രമണകാരികളാണ്. ഇത് ഖത്തറിലെ ആവാസവ്യവസ്ഥയുടെ സന്തുലനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വിളകൾക്കും ഇവ നാശമുണ്ടാക്കുന്നു. പ്രധാന ഇടങ്ങളിലെല്ലാം മൈനകളുടെ എണ്ണം കുറഞ്ഞതായി മന്ത്രാലയം അറിയിച്ചു