മദീന: മദീനയില്‍ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും റമദാനില്‍ ദിവസേന 22 മണിക്കൂര്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയതായി മദീന ബസ് പ്രൊജക്ട് അറിയിച്ചു. രാവിലെ ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പ്രവാചക പള്ളിയിലേക്കും തിരിച്ചും ബസ് സര്‍വീസുകളുണ്ട്. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മസ്ജിദുന്നബിയിലേക്കും തിരിച്ചും റമദാനില്‍ 24 മണിക്കൂറും ബസ് ഷട്ടില്‍ സര്‍വീസുകളുണ്ട്. കൂടാതെ മദീനയിലെ പ്രധാന ബസ് സ്റ്റേഷനുകളില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാ മസ്ജിദിലേക്കും റമദാനില്‍ ബസ് ഷട്ടില്‍ സര്‍വീസ് നേരത്തെ ആരംഭിച്ചിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രധാന ബസ് സ്റ്റേഷനുകളിലേക്കും തിരിച്ചും ബസ് യാത്ര സൗജന്യമാണ്.
