മക്ക: ലോക മുസ്ലിംകള്ക്കുള്ള സൗദി അറേബ്യയുടെ പുതിയ ഉഹാരമായി മക്കയില്‍ ഖുര്‍ആന്‍ മ്യൂസിയം തുറന്നു. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് ഉദ്ഘാടനം ചെയ്തു. മക്ക ജബലുന്നൂറിലെ ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലാണ് ഈ മ്യൂസിയം. മക്ക റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തിലും പിന്തുണയോടെയുമാണ് ഇതു സ്ഥാപിച്ചത്. അപൂര്‍വമായ ഖുര്‍ആന്‍ കൈയെഴുത്തുപ്രതികള്‍, ഖുര്‍ആനിന്റെ ചരിത്ര പകര്‍പ്പുകള്‍, ഖുര്‍ആന്‍ പകര്പ്പെഴുത്തിന്റെ ചരിത്രവും അവയുടെ സംരക്ഷണവും അടുത്തറിയാന്‍ സംവേദനാത്മക പ്രദര്‍ശനങ്ങളും സന്ദര്‍ശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. മൂന്നാം ഖലീഫയായ ഉസ്മാന് ബിന്‍ അഫാന്റെ ഖുര്‍ആന്‍ കൈയെഴുത്തു പ്രതിയുടെ ഫോട്ടോ പകര്‍പ്പും ഖുര്‍ആന്‍ വാക്യങ്ങളുടെ നിരവധി പുരാതന ശിലാലിഖിതങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുരാവസ്തുക്കളില്‍ ഉള്‍പ്പെടും. റമദാന് മുഴുവന്‍ ഖുര്‍ആന്‍ മ്യൂസിയം തുറന്നിരിക്കും

ഏകദേശം 67,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിച്ച ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ട് മക്കയുടെ ചൈതന്യവും ചരിത്രവും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രധാന സന്ദർശന കേന്ദ്രമാണ്. പ്രവാചകന് ആദ്യ ദിവ്യവെളിപാട് ഇറങ്ങിയ ഹിറാ പര്‍വതം കേന്ദ്രീകരിച്ച് മതപരവും വൈജ്ഞാനികവുമായ അനുഭവം മെച്ചപ്പെടുത്തുന്നതിന് രൂപകല്പന ചെയ്ത വിവിധ സൗകര്യങ്ങള്‍ ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
വെളിപാടിന്റെ സംവേദനാത്മക ചിത്രീകരണവും വെളിപാടിന്റെ വേദിയായ ഹിറാ ഗുഹയിലേക്കുള്ള കയറ്റം അടുത്തറിയാനുള്ള സൗകര്യവും ഇവിടെയുണ്ട്. സൗദി കോഫി മ്യൂസിയം, സാംസ്കാരിക ലൈബ്രറി, ഹിറാ പാര്‍ക്ക് എന്നിവയും ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ടിന്റെ ഭാഗമായുണ്ട്.