മക്ക – വിശുദ്ധ റമദാനില്‍ ഹറമില്‍ വെച്ച് ഫോട്ടോകളും വീഡിയോകളുമെടുക്കുന്നതില്‍ മുഴുകി പുണ്യംനിറഞ്ഞ സമയം പാഴാക്കരുതെന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ്. ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് റമദാന്‍ സന്ദേശത്തിലാണ് സുദൈസ് ഇക്കാര്യം പറഞ്ഞത്. ആരാധനാ കര്‍മങ്ങളില്‍ സയമം ചെലവഴിക്കണം. ഹറമിന്റെ കവാടങ്ങളിലും നടവഴികളിലും മതാഫിലും മസ്അയിലും ഉന്തുംതള്ളും തിക്കുംതിരക്കുമുണ്ടാക്കരുത്. സ്ത്രീകള്‍ അവരുടെ വിശുദ്ധിയും പര്‍ദയും മാന്യമായ വേഷവിധാനവും കാത്തുസൂക്ഷിക്കണം. കുട്ടികളെയുമായി ഹറമില്‍ എത്തുന്നവര്‍ അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഇരു ഹറമുകളിലും പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുകയും വേണം.
ഇരു ഹറമുകളിലുമെത്തുന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായും ഹറമുകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുമായും സഹകരിക്കണം. ഉപവാസത്തിന്റെ മഹത്തായ ലക്ഷ്യങ്ങളില്‍ ഒന്ന് ആത്മാവിനെ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിക്കുകയും അതിനെ ഉന്നത തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നതാണ്.
ദൈവീകഭക്തിയാണ് വ്രതാനുഷ്ഠാനത്തിന്റെ ഏറ്റവും ഉദാത്തമായ ലക്ഷ്യം. ഇരു ഹറമുകളിലുമെത്തുന്നവര്‍ നിയമങ്ങള്‍ കണിശമായി പാലിക്കുകയും തിക്കില്‍നിന്നും തിരക്കില്‍ നിന്നും അകന്നുനില്‍ക്കുകയും പരസ്പരം അനുകമ്പയും കാരുണ്യവും കാണിക്കുകയും വേണം.
റമദാന്‍ മാസത്തില്‍ ആരാധനാ മാര്‍ഗത്തില്‍ വിശ്വാസികള്‍ കഠിനാധ്വാനം ചെയ്യണം.
പുണ്യരാത്രികള്‍ പ്രയോജനപ്പെടുത്തണം. സര്‍വശക്തനായ ദൈവത്തെ ഭയപ്പെടണം. ഖുര്‍ആന്‍ അവതീര്‍ണമായ മാസമായ റമദാനില്‍ ഭക്തിയോടെയും ആത്മാര്‍ഥതയോടെയും വാക്കുകളും പ്രവൃത്തികളും ശുദ്ധീകരിക്കണം. അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പായി പശ്ചാത്തപിക്കാന്‍ തിടുക്കം കാട്ടണം. പാപമോചനത്തിനും നരക മോചനത്തിനും വേണ്ടി സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കാനുള്ള അവസരമാണ് ഈ പുണ്യമാസം.
റമദാനില്‍ വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികള്‍ ആരാധനക്കായി സ്വയം സമര്‍പ്പിക്കണം. ഉദാരതയും ദൈവിക അനുഗ്രഹങ്ങളും കൊണ്ട് നിറഞ്ഞ ഈ മാസം ഉപകാരപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തണം. സ്വന്തം സുരക്ഷയും ആരോഗ്യവും ശ്രദ്ധിക്കണം. തിക്കും തിരക്കുമുണ്ടാക്കുകയോ വാക്കാലോ പ്രവൃത്തിയാലോ സഹോദരങ്ങളെ ഉപദ്രവിക്കുകയോ ചെയ്യരുത്. ഹറമിലെത്തുന്നവര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ചുമതലപ്പെട്ട ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.
അനുഗ്രഹീതമായ റമദാന്‍ മാസത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് വലിയ അനുഗ്രഹമാണ്. ദൈവീക പ്രീതി മോഹിച്ച് ആത്മാര്‍ഥമായി കര്‍മങ്ങള്‍ നിര്‍വഹിച്ചും വിധികളും മര്യാദകളും പാലിച്ച് വ്രതമനുഷ്ഠിച്ചും തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ മുടങ്ങാതെ നിര്‍വഹിച്ചും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങളും സല്‍കര്‍മങ്ങളും ചെയ്തുമാണ് നരകാഗ്നിയില്‍ നിന്ന് മോചനം നേടേണ്ടതും അല്ലാഹുവിനുള്ള പൂര്‍ണ നന്ദി പ്രകടിപ്പിക്കേണ്ടതെന്നും ശൈഖ്. ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
റമദാനില്‍ ഹറമില്‍ വെച്ച് ഫോട്ടോകളും വീഡിയോകളുമെടുക്കുന്നതില്‍ മുഴുകി പുണ്യംനിറഞ്ഞ സമയം പാഴാക്കരുതെന്ന് ഹറം ഇമാം അബ്ദുറഹ്മാന്‍ അല്‍സുദൈസ്
