6റിയാദ്- വിശുദ്ധ റമദാന്‍ മാസത്തില്‍ റിയാദ് മെട്രോയുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് റിയാദ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ അര്‍ധ രാത്രി രണ്ടുവരെ എല്ലാ ലൈനുകളിലും മെട്രോ സര്‍വീസ് നടത്തും. വെള്ളിയാഴ്ച രാവിലെ സര്‍വീസ് ഉണ്ടാകില്ല. പകരം ഉച്ചക്ക് രണ്ടുമുതല്‍ പുലര്‍ച്ചെ മൂന്നുവരെയാണ് സര്‍വീസ്. ശനിയാഴ്ച രാവിലെ 10 മുതല്‍ അര്‍ധരാത്രി രണ്ടുവരെ സര്‍വീസ് നടത്തും. റമദാനില്‍ റിയാദ് ബസിന്റെ സമയക്രമം രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ മൂന്നുവരെയാണ്.

റമദാനില്‍ ഹറമൈന്‍ ട്രെയിനില്‍ കൂടുതല്‍ സര്‍വീസുകള്‍
ജിദ്ദ – മക്കക്കും മദീനക്കുമിടയിലുള്ള യാത്രക്ക് വിദേശ തീര്‍ഥാടകര്‍ അടക്കമുള്ളവരില്‍ നിന്നുള്ള ആവശ്യം വര്‍ധിക്കുന്നത് കണക്കിലെടുത്ത് മക്ക, ജിദ്ദ, ജിദ്ദ എയര്‍പോര്‍ട്ട്, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ വിശുദ്ധ റമദാനില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍. ഇത്തവണത്തെ റമദാനില്‍ 3,410 ട്രെയിന്‍ സര്‍വീസുകളാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ നടത്തുകയെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലത്തെ റമദാന്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ റമദാനില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 21 ശതമാനം തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. റമദാനിലെ ട്രെയിന്‍ സര്‍വീസുകളില്‍ ആകെ 16 ലക്ഷം സീറ്റുകള്‍ ലഭ്യമാകും. കഴിഞ്ഞ കൊല്ലം റമദാന്‍ മാസത്തെ അപേക്ഷിച്ച് ഇത്തവണ ട്രെയിന്‍ സീറ്റ് ശേഷി 18 ശതമാനം തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.
റമദാനിലെ ആദ്യ വാരത്തില്‍ മക്കക്കും മദീനക്കുമിടയില്‍ പ്രതിദിനം 100 സര്‍വീസുകള്‍ വീതമാണ് നടത്തുക. റമദാന്‍ പതിനാലോടെ പ്രതിദിന ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 120 ആയി ഉയര്‍ത്തും. തിരക്ക് വര്‍ധിക്കുന്ന ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം 130 ആയി ഉയര്‍ത്തും. ആരാധനാ കര്‍മങ്ങള്‍ പ്രയാസരഹിതമായി നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കി നമസ്‌കാര സമയങ്ങള്‍ക്ക് അനുയോജ്യമായ തരത്തിൽ ട്രെയിന്‍ സര്‍വീസുകളുടെ സമയക്രമം ക്രമീകരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വേഗത കൂടിയ പത്തു ട്രെയന്‍ സര്‍വീസുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ്.
മക്കയില്‍ നിന്ന് മദീനയിലേക്ക് 453 കിലോമീറ്റര്‍ നീളമുള്ള റെയില്‍പാതയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ആധുനികവും വേഗതയേറിയതുമായ ഗതാഗത സൗകര്യമാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ ഒരുക്കുന്നത്.