റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ മൂന്നു പുതിയ സേവനങ്ങള്‍ കൂടി ആരംഭിച്ചു. കാലാവധി തീര്‍ന്ന റീ-എന്‍ട്രി വിസ റദ്ദാക്കല്‍, സൗദി പൗരന്റെ വിദേശിയായ മാതാവിന്റെ ഇഖാമ പുതുക്കല്‍, ആശ്രിതരെ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങളാണ് അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ പുതുതായി ആരംഭിച്ചിരിക്കുന്നത്. റിയാദില്‍ മിനിസ്ട്രിറ്റി സ്റ്റാഫ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൗദി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. സമയവും അധ്വാനവും ലാഭിക്കാന്‍ സഹായിക്കുന്ന രീതിയിൽ ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് അബ്ശിറിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.

ജനുവരിയില്‍ 2.63 കോടിയിലേറെ സേവനങ്ങളാണ് അബ്ശിര്‍ വഴി നല്‍കിയത്. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴി 2,33,19,656ഉം അബ്ശിര്‍ ബിസിനസ് വഴി 33,73,708 സേവനങ്ങളും നല്‍കി. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ എണ്ണം 2.8 കോടിയും അബ്ശിര്‍ ബിസിനസ് ഉപയോക്താക്കളുടെ എണ്ണം 18 ലക്ഷവും കവിഞ്ഞിട്ടുണ്ട്. പുതിയ ഇഖാമ ഇഷ്യു ചെയ്യല്‍, ഇഖാമ പുതുക്കല്‍, സൗദി പാസ്‌പോര്‍ട്ടുകള്‍, റീ-എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ എന്നിവ അടക്കം 400 ലേറെ സേവനങ്ങള്‍ അബ്ശിര്‍ വഴി വ്യക്തികള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജവാസാത്ത് അടക്കമുള്ള ആഭ്യന്തര മന്ത്രാലയവും വകുപ്പുകളും നല്‍കുന്നു.
സംരക്ഷണ ചുമതല ഏറ്റെടുത്ത അനാഥ കുട്ടികള്‍ക്ക് സൗദി പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യല്‍, പുതുക്കല്‍, ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമകളില്‍ വിവര്‍ത്തനം ചെയ്ത് രേഖപ്പെടുത്തിയ പേരുകളില്‍ തിരുത്തല്‍ വരുത്തല്‍, വിദേശിയുടെ കുടുംബാംഗങ്ങളുടെ ഇഖാമകളില്‍ വിവര്‍ത്തനം ചെയ്ത് രേഖപ്പെടുത്തിയ പേരുകളില്‍ തിരുത്തല്‍, കേടുവന്ന ജനന സര്‍ട്ടിഫിക്കറ്റിനു പകരം ബദല്‍ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യല്‍, നഷ്ടപ്പെട്ട ജനന സര്‍ട്ടിഫിക്കറ്റിനു പകരം ബദല്‍ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യല്‍, അബ്ശിര്‍ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം വഴി ഫാമിലി കാര്‍ഡ് പരിശോധ, അബ്ശിര്‍ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം വഴി സാധാരണക്കാരുടെ സേവനങ്ങള്‍ പൂര്‍ത്തിയാക്കല്‍ എന്നീ സേവനങ്ങള്‍ ഡിസംബര്‍ അവസാനത്തില്‍ അബ്ശിറില്‍ പുതുതായി ആരംഭിച്ചിരുന്നു.
ഡിജിറ്റല്‍ രേഖകളുടെ വെരിഫിക്കേഷന്‍, വാഹന വില്‍പന നടപടിക്രമങ്ങള്‍, ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കുള്ള ലേലം, ജീര്‍ണിച്ചതിനാലും കേടായതിനാലും മറ്റും ദീര്‍ഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങള്‍ ഉടമകളുടെ പേരുകളില്‍ നിന്ന് നീക്കം ചെയ്യല്‍, സൗദി പൗരന്മാരുടെയും വിദേശികളുടെയും നവജാതശിശുക്കളുടെ ജനന രജിസ്‌ട്രേഷന്‍, വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ സൗദിയില്‍ അനധികൃതമായി തങ്ങുന്ന വിസിറ്റ് വിസക്കാരെ കുറിച്ച് ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിസിറ്റ് വിസക്കാരെ സൗദിയിലേക്ക് കൊണ്ടുവരുന്ന വ്യക്തികള്‍ക്ക് അവസരമൊരുക്കുന്ന സേവനം എന്നിവ അടുത്തിടെ അബ്ശിറില്‍ ആരംഭിച്ചിരുന്നു.
പ്രതിദിനം ആറു ലക്ഷത്തിലേറെ ലേറെ സേവനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും അബ്ശിര്‍ വഴി നല്‍കുന്നുണ്ട്. അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഇതിനകം 2.8 കോടിയിലേറെ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഇഷ്യു ചെയ്തതിട്ടുണ്ട്. ഇവ ഉപയോഗിച്ച് അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ്, അബ്ശിര്‍ ബിസിനസ്, അബ്ശിര്‍ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോമുകള്‍ വഴി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും 500ലേറെ സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും എളുപ്പത്തിൽ പ്രയോജനപ്പെടുത്താന്‍ കഴിയും.