ദുബൈ: ദുബൈയിൽ 55 പുതിയ പള്ളികൾ കൂടി നിർമിക്കുന്നു. വെള്ളിയാഴ്ചകളിൽ ദുബൈ എമിറേററ്റിലെ 70 ശതമാനം പള്ളികളിലും ഖുതുബ പ്രഭാഷണം ഇംഗ്ലീഷ് ഭാഷയിലാക്കാനും തീരുമാനിച്ചു. റമദാന് മുന്നോടിയായി ദുബൈ മതകാര്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വർഷം 24 പള്ളികളാണ് ദുബൈയിൽ നിർമാണം പൂർത്തീകരിച്ചത്. 17.2 കോടി ദിർഹം ചെലവിട്ട് നിർമിച്ച ഈ പള്ളികളിൽ 13,911 പേർക്ക് കൂടി നമസ്കാരം നിർവഹിക്കാനുള്ള സൗകര്യം ഒരുക്കി. ഇത് കൂടാതെ 55 പള്ളികളുടെ നിർമാണം പരോഗമിക്കുകയാണ്. 47.5 കോടി ദിർഹമാണ് ഇതിനായുള്ള നിക്ഷേപം. ഈ പള്ളികളുടെ നിർമാണം പൂർത്തിയാവുന്നതോടെ 40,961 പേർക്ക് ആരാധന നിർവഹിക്കാനാകുമെന്നും മതകാര്യവകുപ്പ് അറിയിച്ചു.
പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയും പരിസ്ഥിതി സൗഹൃദ സുസ്ഥിര നയങ്ങളും സംയോജിപ്പിച്ചാകും പള്ളികൾ നിർമിക്കുക. പ്രവാസികൾ ഏറെയുള്ള മേഖലയിൽ വെള്ളിയാഴ്ച ഖുതുബ കൂടുതൽ പേർക്ക് മനസ്സിലാക്കാൻ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് 70 ശതമാനം പള്ളികളിലും ഖുതുബ ഇംഗ്ലീഷിലാക്കുന്നതെന്നും അധികൃതർ പറഞ്ഞു.