കുവൈത്ത് സിറ്റി – ഏകീകൃത സ്മാര്‍ട്ട് ലൈസന്‍സ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം തുടക്കം കുറിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവന്‍ സര്‍ക്കാര്‍ ലൈസന്‍സുകളും രേഖകളും ഒരൊറ്റ ഡിജിറ്റല്‍ രേഖയിലേക്ക് ഏകീകരിക്കുകയാണ് സ്മാര്‍ട്ട് ലൈസന്‍സ് പദ്ധതി ചെയ്യുന്നത്. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി, കമ്മ്യൂണിക്കേഷന്‍സ്, ആരോഗ്യ മന്ത്രിമാര്‍ക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അബ്ദുല്ല അല്‍ഉജൈല്‍ പറഞ്ഞു.
സ്മാര്‍ട്ട് ലൈസന്‍സുകള്‍ നല്‍കുന്നതിന്റെ ചുമതല വാണിജ്യ, വ്യവസായ മന്ത്രാലയത്തിനാണ്. ഫയര്‍ഫോഴ്സ്, മുനിസിപ്പാലിറ്റി, ആരോഗ്യ മന്ത്രാലയം തുടങ്ങി ലൈസന്‍സുകളുമായി ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ഓട്ടോമാറ്റിക് ആയി ബന്ധം സ്ഥാപിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം ലൈസന്‍സ് അനുവദിക്കും. ബിസിനസ് ഉടമകള്‍ വ്യത്യസ്ത വകുപ്പുകളില്‍ നിന്ന് ഒന്നിലധികം ലൈസന്‍സുകള്‍ നേടുന്നതിനു പകരം, അംഗീകാരങ്ങളും നിയന്ത്രണ നടപടിക്രമങ്ങളും ത്വരിതപ്പെടുത്താനും അവയെ ഒരു വകുപ്പില്‍ ഏകീകരിക്കാനും ഈ ബന്ധം സഹായിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പറഞ്ഞു.

ഇതുവരെ വ്യത്യസ്ത വകുപ്പുകളില്‍ നിന്ന് ലൈസന്‍സുകള്‍ നേടുന്നതിന് വളരെയധികം സമയമെടുക്കുകയും നിരവധി സങ്കീര്‍ണതകള്‍ നേരിടുകയും ചെയ്തിരുന്നു. വാണിജ്യ ലൈസന്‍സുകള്‍ നേടാന്‍ ആവശ്യമായ സമയവും നടപടിക്രമങ്ങളും 80 ശതമാനത്തോളം കുറക്കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ജനറല്‍ ട്രേഡിംഗ്, റീട്ടെയില്‍, റെസ്റ്റോറന്റ് അടക്കമുള്ള മേഖലകള്‍ക്ക് നിലവിലെ ഘട്ടത്തില്‍ സ്മാര്‍ട്ട് ലൈസന്‍സുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നാലാമത്തെയും അവസാനത്തെയും ഘട്ടം ജൂണ്‍ 15 നകം ആരംഭിക്കും.