ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് സഞ്ചരിക്കാൻ ഇലക്ട്രിക് ബസുകൾ ഉപയോഗിക്കും. സൗദിയിലെ നാഷണൽ ട്രേഡ് കമ്പനിയാണ് എംസി എന്ന പേരിൽ പുതിയ ഇലക്ട്രിക് ബസ്സ് പുറത്തിറക്കിയത്. നാഷണൽ ട്രേഡും കിംഗ് ലോങ്ഗും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഇരുപതാം വാർഷികാഘോഷവേളയിലാണ് സൗദി വിപണിയിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കിയത്. ജിദ്ദയിലെ കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റിയിൽ ഇതിനായി പ്രത്യേകം ഫാക്ടറി സ്ഥാപിക്കും. ഇവിടെ അസംബിൾ ചെയ്യുന്ന ക്ലീൻ എനർജി ബസ്സുകളാവും സൗദി നിരത്തുകളിൽ ഉപയോഗപ്പെടുത്തുക. ബസുകളുടെ ചാർജിംഗ് സ്റ്റേഷനുകൾ ഉൾപ്പടെ സൗദിക്കുള്ളിൽ സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ നൽകുന്നതിന് കമ്പനിയുമായി ധാരണയിൽ എത്തിയിട്ടുണ്ട്. വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
