കുവൈത്ത് സിറ്റി – റോഡ് സുരക്ഷ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് കുവൈത്തില്‍ ഇനി മുതല്‍ കനത്ത പിഴ. പുതിയ പിഴകള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തി. ഇത് ഇന്നലെ (ശനി) മുതല്‍ നിലവില്‍വന്നു. അമിത ശബ്ദം, കനത്ത പുക, ദുര്‍ഗന്ധം എന്നിവ പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്കും റോഡിലേക്ക് ചിതറാനോ ലീക്കാകാനോ സാധ്യതയുള്ള നിലക്ക് അപകരമായ വസ്തുക്കളും എളുപ്പത്തില്‍ തീ പിടിക്കുന്ന വസ്തുക്കളും നീക്കം ചെയ്യുന്ന വാഹനങ്ങള്‍ക്കും കനത്ത പിഴ ലഭിക്കും. അപകടങ്ങള്‍ ബാലന്‍സിനെ ബാധിച്ചതിനാലോ മോശം കണ്ടീനിലുള്ള ടയറുകള്‍ കാരണമോ മൊത്തത്തിലുള്ള അവസ്ഥയാലോ സുരക്ഷിതമല്ലെന്ന് തോന്നിക്കുന്ന വാഹനങ്ങള്‍ക്കും ഇതേപോലെ കനത്ത പിഴ ചുമത്തും. ഇത്തരം നിയമ ലംഘനങ്ങള്‍ 75 കുവൈത്തി ദീനാര്‍ പിഴ അടച്ച് തീര്‍പ്പാക്കാന്‍ സാധിക്കും.

ഇങ്ങിനെ തീര്‍പ്പാക്കാത്ത പക്ഷം നിയമ ലംഘകര്‍ക്കെതിരായ കേസുകള്‍ കോടതിക്ക് കൈമാറും. ഇത്തരം സാഹചര്യങ്ങളില്‍ നിയമ ലംഘകര്‍ക്ക് മൂന്നു മാസം വരെ തടവും 150 കുവൈത്തി ദീനാര്‍ മുതല്‍ 300 കുവൈത്തി ദീനാര്‍ വരെ പിഴയും ശിക്ഷ ലഭിക്കും. റോഡ് സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താന്‍ പുതിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഡ്രൈവര്‍മാരോടും വാഹന ഉടമകളോടും ആവശ്യപ്പെട്ടു.