ദുബൈ: യുഎഇയിലെ ദുബൈയിൽ ആറുവയസ് വരെ കുട്ടികൾക്ക് അറബി ഭാഷാപഠനം നിർബന്ധമാക്കുന്നു. ഈ വർഷം സെപ്തംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷം മുതൽ സ്വകാര്യ സ്‌കൂളുകളിൽ നിർബന്ധ അറബി പഠനം ആരംഭിക്കുമെന്ന് ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ (KHDA) അറിയിച്ചു.

ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും അറബി ഭാഷ പഠനം നിർബന്ധമായിരിക്കുമെന്നാണ് കെഎച്ച്ഡിഎയുടെ പുതിയ നയം വ്യക്തമാക്കുന്നത്. ഈ വർഷം സെപ്തംബർ മുതൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള അറബി ഭാഷാ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. തുടർന്നുള്ള ഘട്ടങ്ങളിൽ ആറുവയസ്സുവരെയുള്ള മുഴുവൻ കുട്ടികളെയും പരിധിയിൽ ഉൾപ്പെടുത്തുമെന്ന് കെഎച്ച്ഡിഎ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജനനം മുതൽ ആറ് വയസുവരെ നിർബന്ധ അറബി പഠനം എന്നതാണ് പുതിയ നയം. കളികളിലൂടെയും ലളിതമായ ക്ലാസ് വഴിയും അറബി ഭാഷയിൽ പ്രാവീണ്യം നേടാൻ ചെറു പ്രായം മുതൽ കുട്ടികൾക്ക് അവസരമൊരുക്കുന്ന രീതിയിലാണ് പുതിയ നയം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് കെഎച്ച്ഡിഎ അധികൃതർ പറഞ്ഞു.