ജിദ്ദ – സൗദിയില്‍ പതിനെട്ടില്‍ കുറവ് പ്രായമുള്ളവരുടെ വിവാഹത്തിന് വ്യവസ്ഥകള്‍ ബാധകമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അംഗീകരിച്ച വ്യക്തിഗത സ്റ്റാറ്റസ് നിയമ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനുള്ള അനുമതിക്കായുള്ള അപേക്ഷ യുവാവോ സ്ത്രീയോ അല്ലെങ്കില്‍ നിയമപരമായ അവരുടെ രക്ഷിതാവോ അല്ലെങ്കില്‍ അവരില്‍ ഒരാളുടെ അമ്മയോ സമര്‍പ്പിക്കണമെന്നതാണ് വ്യവസ്ഥകളില്‍ ഒന്ന്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി വിവാഹത്തിനുള്ള സമ്മതം വ്യക്തമാക്കി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും വേണം. ഇക്കാര്യത്തില്‍ അമ്മക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കണം. അമ്മക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ കോടതി വിവാഹം അനുവദിക്കണമെന്ന് വ്യക്തിഗത സ്റ്റാറ്റസ് നിയമ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.
യുവാവോ സ്ത്രീയോ പ്രായപൂര്‍ത്തിയായവരും ശാരീരികമായും മാനസികമായും പൂര്‍ണത എത്തിയവരാണെന്നും വിവാഹം അവര്‍ക്ക് അപകടകരമല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരിക്കലും നിര്‍ബന്ധമാണ്. വിവാഹിതരാകാന്‍ പോകുന്നവരുടെ മാനസികവും സാമൂഹികവുമായ അവസ്ഥകള്‍ വ്യക്തമാക്കുന്ന മറ്റു രണ്ടു റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കണം.
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മാനസികവും സാമൂഹികവുമായ പൊരുത്തത്തിന്റെ വ്യാപ്തിയെ കുറിച്ച മതിയായ വിശദീകരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഒരു റിപ്പോര്‍ട്ട് മതിയാകും. സൗദി അറേബ്യക്കകത്താണ് വിവാഹ കരാര്‍ തയാറാക്കുന്നതെങ്കില്‍, സൗദി പുരുഷന്‍ വിദേശ വനിതയെ വിവാഹം കഴിക്കുന്നതിനും സൗദി വനിത വിദേശ പുരുഷനെ വിവാഹം കഴിക്കുന്നതിനും ഈ വ്യവസ്ഥകള്‍ ബാധകമാണ്.
സൗദിയില്‍ വെച്ച് വിവാഹിതരാകുന്ന അമുസ്ലിം പുരുഷനും അമുസ്ലിം വനിതയും തമ്മിലുള്ള വിവാഹ കരാര്‍, ഇരുവരും ഒരേ രാജ്യക്കാരാണെങ്കിലും അല്ലെങ്കിലും രജിസ്റ്റര്‍ ചെയ്യണം.
