ദുബായ്: സൗദിയിലെ ജനപ്രിയ ബ്രാൻഡായ മിലാഫ് കോള ജി.സി.സിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിൽ ലഭ്യമാകും. യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലെ സ്റ്റോറുകളിലാണ് ഈന്തപ്പഴ സത്തിൽ നിന്നുള്ള കാർബണേറ്റഡ് ഈന്തപ്പഴ പാനീയമായ മിലാഫ് കോള എത്തുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ കോള അതിൻ്റെ പുതുമയുടെയും രുചിയുടെയും പേരിൽ ഉപഭോക്താക്കൾ ക്കിടയിൽ ഏറെ പ്രിയങ്കരമായി മാറിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അൽ മദീന ഹെറിറ്റേജ് സിഇഒ ബാന്ദർ അൽ ഖഹ്താനി എന്നിവർ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പു വെച്ചു. ലുലു റീട്ടെയ്ൽ വിതരണ ശൃംഖലയായ അൽ തയെബ് ഡിസ്ട്രിബ്യൂഷൻ വഴിയാണ് ഏപ്രിൽ മുതൽ മിലാഫ് ജനങ്ങളിലെത്തുക.ഗൾഫൂഡിന്റെ ഭാഗമായി ഇറ്റലിയിലെ പാസ്ത റീഗിയോ, സ്പെയിനിലെ ഫ്രിൻസാ ഗ്രൂപ്പ്, യുഎസിലെ ചീസ് കേക്ക് ഫാക്ടറിഅടക്കം ലോകോത്തര കമ്പനികളുമായി 9 കരാറുകളിലും ലുലു ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ വി.എ. സലീം എന്നിവരും പങ്കെടുത്തു.