ജിദ്ദ: ഇത്തവണത്തെ വിശുദ്ധ റമദാനില്‍ 61 രാജ്യങ്ങളില്‍ കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കുമെന്നും പത്തു ലക്ഷത്തിലേറെ പേര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. വിദേശങ്ങളിലെ സൗദി എംബസികളിലെ റിലീജ്യസ് അറ്റാഷെകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതിക്ക് നീക്കിവെച്ച തുകകള്‍ റിലീജ്യസ് അറ്റാഷെകളുമായും കള്‍ച്ചറല്‍, കോള്‍ ആന്റ് ഗൈഡന്‍സ് സെന്ററുകളുമായും ഏകോപനം നടത്തി ബന്ധപ്പെട്ട രാജ്യങ്ങളിലെത്തിക്കാൻ ആവശ്യമായ മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതി നടപ്പാക്കുകയെന്നും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.

ഇത്തവണത്തെ വിശുദ്ധ റമദാന്‍ മാസത്തില്‍ കിംഗ് സല്‍മാന്‍ ഈത്തപ്പഴ വിതരണ പദ്ധതി കൂടുതല്‍ വിപുലമായി നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തവണത്തെ റമദാനില്‍ 102 രാജ്യങ്ങളില്‍ സല്‍മാന്‍ രാജാവിന്റെ ഉപഹാരമെന്നോണം ഈത്തപ്പഴം വിതരണം ചെയ്യും. പുണ്യമാസത്തില്‍ 700 ടണ്‍ ഈത്തപ്പഴമാണ് വിതരണം ചെയ്യുക. കഴിഞ്ഞ റമദാനെ അപേക്ഷിച്ച് ഇത്തവണത്തെ റമദാനില്‍ 200 ടണ്‍ ഈത്തപ്പഴം അധികം വിതരണം ചെയ്യും.
ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴില്‍ വിദേശങ്ങളിലുള്ള റിലീജ്യസ് അറ്റാഷെ ഓഫീസുകളുമായും കോള്‍ ആന്റ് ഗൈഡന്‍സ് സെന്ററുകളുമായും ഇസ്‌ലാമിക് സൊസൈറ്റികളുമായും ഏകോപനം നടത്തി ഈത്തപ്പഴ വിതരണത്തിന് മുഴുവന്‍ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്.