ജിദ്ദ: മക്കയില്‍ സന്ദര്‍ശന വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 ന് നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുല്‍ഖഅ്ദ ഒന്നു (ഏപ്രില്‍ 29) മുതല്‍ ദുല്‍ഹജ് 14 (ജൂണ്‍ 11) വരെയുള്ള കാലത്ത് സന്ദര്‍ശന വിസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നതിനും മക്കയില്‍ തങ്ങുന്നതിനും വിലക്കുണ്ട്. സന്ദര്‍ശന വിസക്കാര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാനും അനുമതിയില്ല. ഇക്കാര്യങ്ങള്‍ പുതുതായി ഇഷ്യു ചെയ്യുന്ന വിസിറ്റ് വിസകളില്‍ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.ഹജ് ക്രമീകരണങ്ങളുടെ ഭാഗമായാണിത്.
കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് ഈജിപ്തുകാരും ജോര്‍ദാനികളും അടക്കമുള്ളവര്‍ വിസിറ്റ് വിസകളില്‍ എത്തി അനധികൃതമായി ഹജ് കര്‍മം നിര്‍വഹിച്ചത് 1,300 ലേറെ തീര്‍ഥാടകരുടെ മരണത്തിന് ഇടയാക്കിയിരുന്നു. ഇക്കുറി മക്കയില്‍ വിസിറ്റ് വിസക്കാര്‍ക്കുള്ള വിലക്ക് കൂടുതല്‍ ശക്തമായി അധികൃതര്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായാണ് വിസിറ്റ് വിസക്കാര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും ഹജ് നിര്‍വഹിക്കുന്നതിനുമുള്ള വിലക്കുള്ള കാര്യം വിസകളില്‍ തന്നെ രേഖപ്പെടുത്തുന്നത്. ഇക്കുറി ശക്തമായ പരിശോധനയാകും ഈ കാലയളവിൽ മക്കയിൽ നടത്തുക.
