ജിദ്ദ – സൗദി അറേബ്യയുടെ സ്ഥാപകദിനം പ്രമാണിച്ച് ഫെബ്രുവരി 23 ന് ഞായറാഴ്ച ബാങ്കുകള്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും അടക്കമുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച അവധിയായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഞായറാഴ്ച ഔദ്യോഗിക അവധി നല്‍കാന്‍ ആവശ്യപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അവക്കു കീഴിലെ വകുപ്പുകള്‍ക്കും മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി സര്‍ക്കുലര്‍ അയച്ചു.

എല്ലാ വര്‍ഷവും ഫെബ്രുവരി 22 ന് സൗദി സ്ഥാപകദിനമായി ആചരിക്കാനും അന്ന് പൊതുഅവധി നല്‍കാനും രാജകല്‍പനയുണ്ട്. ഇത്തവണ ഫെബ്രുവരി 22 സര്‍ക്കാര്‍ വകുപ്പുകളുടെ വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ചയാണ്. വാരാന്ത്യ അവധിയും സ്ഥാപകദിനാവധിയും ഒത്തുവരുന്ന സാഹചര്യങ്ങളില്‍ തൊട്ടടുത്ത ദിവസം സ്ഥാപകദിനാവധിയായി നല്‍കണമെന്ന് സിവില്‍ സര്‍വീസ്, തൊഴില്‍ നിയമങ്ങളിലെ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അനുശാസിക്കുന്നുണ്ട്.
ഇതനുസരിച്ചാണ് വാരാന്ത്യ അവധി ദിനമായ ശനിയാഴ്ചക്കു പകരം ഞായറാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയദിനാവധി നല്‍കുന്നത്. സ്വകാര്യ മേഖലയിലെയും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ദേശീയദിനത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.