റിയാദ്: റിയാദ് മെട്രോ പദ്ധതി 2,500 കോടി ഡോളര്‍ (9,375 കോടി റിയാല്‍) ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയതെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍ പറഞ്ഞു. പതിമൂന്നു രാജ്യങ്ങളില്‍ നിന്നുള്ള 19 കമ്പനികള്‍ അടങ്ങിയ മൂന്നു കണ്‍സോര്‍ഷ്യങ്ങള്‍ ചേര്‍ന്നാണ് റിയാദ് മെട്രോ പദ്ധതി നടപ്പാക്കിയത്. റിയാദ് മെട്രോയില്‍ ഒരു കിലോമീറ്ററിന് 16.6 കോടി ഡോളര്‍ (62.25 കോടി റിയാല്‍) തോതിലാണ് ചെലവ് വന്നത്. ഇത്തരത്തില്‍ പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടിവന്ന ലോകത്തെ ഏറ്റവും കുറഞ്ഞ ചെലവാണിത്. ഒറ്റ ഘട്ടത്തില്‍ ഒന്നിച്ച് നടപ്പാക്കുന്ന ലോകത്തെ ഏറ്റവും വലിയ ഡ്രൈവര്‍ലെസ് ട്രെയിന്‍ പദ്ധതിയാണിതെന്നും എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍ പറഞ്ഞു.

തിരുഗേങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നവംബര്‍ 27 നാണ് തലസ്ഥാനത്തെ പൊതുഗതാഗത ശൃംഖലയുടെ നട്ടെല്ലും നഗരത്തിലെ ഗതാഗത സംവിധാനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നുമായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തത്. പദ്ധതിക്കായി ചെലവഴിച്ച ഓരോ റിയാലിനും ഇന്ധനം ലാഭിക്കല്‍, പ്രവര്‍ത്തന ചെലവുകള്‍ എന്നീ ഇനങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും മൂന്നര റിയാലിന്റെ സാമ്പത്തിക വരുമാനം ലഭിക്കും. റിയാദ് മെട്രോ പദ്ധതിയിലൂടെ ലാഭം ലക്ഷ്യമിടുന്നില്ല. മറിച്ച്, ഇത് ഒരു സേവന പദ്ധതിയായി കണക്കാക്കപ്പെടുന്നു. പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ചെലവിന്റെ 40 ശതമാനം വരുമാനമാണ് പദ്ധതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
സ്റ്റേഷനുകള്‍ക്ക് പേരിടാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. ഇതിനകം 100 കോടി റിയാലിന് ആു സ്റ്റേഷനുകള്‍ക്ക് പേരിടാനുള്ള കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. മറ്റു സ്റ്റേഷനുകള്‍ക്ക് പേരിടാന്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ മാര്‍ക്കറ്റിംഗ് നടത്തും.
ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് റിയാദ് മെട്രോ, ബസ് സ്റ്റേഷനുകളിലേക്കും തിരിച്ചും യാത്രക്കാരെ സൗജന്യമായി എത്തിക്കാന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുമായി കരാറുകള്‍ ഒപ്പുവെക്കാന്‍ റിയാദ് റോയല്‍ കമ്മീഷന് പദ്ധതിയുണ്ട്. ആറു മാസക്കാലം സൗജന്യ യാത്രാ സേവനം നല്‍കാനും തുടര്‍ന്നുള്ള ആറു മാസക്കാലത്ത് 50 ശതമാനം നിരക്കിളവോടെ യാത്രാ സേവനം നല്‍കാനുമാണ് തീരുമാനം. ഫ്രെയിംവര്‍ക്ക് കരാര്‍ കാലയളവില്‍ മെട്രോ, ബസ് സ്റ്റേഷനുകല്‍ലേക്കും തിരിച്ചും ഏകദേശം 40 ലക്ഷം ബസ് സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് 60 ലധികം റൂട്ടുകളില്‍ ബസ് സര്‍വീസുകളുണ്ടാകും. മെട്രോ ടിക്കറ്റ് ഉടമകള്‍ക്ക് ടെര്‍മിനല്‍ സ്റ്റേഷനുകള്‍ക്ക് സമീപം സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മെട്രോ സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുന്ന മിനിബസുകള്‍ ഏര്‍പ്പെടുത്തും. ഈ ബസുകളില്‍ ടിക്കറ്റ് നിരക്ക് മൂന്നു റിയാലില്‍ കൂടില്ല. കുറഞ്ഞ നിരക്കിലുള്ള ടാക്സികളും ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളും മെട്രോ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. മെട്രോ സ്റ്റഷനുകള്‍ക്ക് സമീപ പ്രദേശങ്ങളിലുള്ളവരുടെ ഉപയോഗത്തിന് സൈക്കിളുകളും സ്‌കൂട്ടറുകളും ബസ് ഷട്ടില്‍ സര്‍വീസുകളും ഏര്‍പ്പെടുത്താനും നീക്കമുണ്ട്. മെട്രോ റെഡ് ലൈനിന്റെ തുടര്‍ച്ചയെന്നോണം ദിര്‍ഇയയെ അല്‍ഖിദിയയുമായി ബന്ധിപ്പിച്ച് പുതിയ ട്രാക്ക് നിര്‍മിക്കും. ഇത് ഖിദിയയെ റിയാദ് എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കും.
റിയാദ് മെട്രോയുടെ പരമാവധി പ്രതിദിന ശേഷി 36 ലക്ഷം യാത്രക്കാരാണ്. സര്‍വീസ് ആരംഭിച്ച ആദ്യ ആഴ്ചയില്‍ മാത്രം 19 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. വയലെറ്റ് ലൈനിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. റിയാദ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ ബസ് സര്‍വീസുകള്‍ ആരംഭിച്ച ശേഷം 80 റൂട്ടുകളിലായി 800 ബസുകളില്‍ 4.3 കോടി യാത്രക്കാര്‍ സഞ്ചരിച്ചു.
റിയാദ് മെട്രോ ട്രെയിന്‍ പ്രതിവര്‍ഷം 468 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നു. പദ്ധതിക്കു വേണ്ടി 12 വൈദ്യുതി നിലയങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെട്രോ ട്രെയിനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്. നിലവില്‍ നിര്‍ദിഷ്ട ട്രെയിന്‍ സമയം പരീക്ഷണ ഘട്ടത്തിലാണെന്നും എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍ പറഞ്ഞു.