റിയാദ്: റസ്റ്റോറന്റുകൾക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾക്കുമാണ് പുതിയ നിർദ്ദേശം. ഡെലിവറി വാഹനങ്ങൾ സ്ഥാപനങ്ങൾക്ക് മുന്നിൽ ഗതാഗത കുരുക്ക് ഉണ്ടാക്കരുത്. ഡെലിവറി വാഹനങ്ങൾക്കായി പാർക്കിംഗ് സംവിധാനം ഏർപെടുത്തണം. പൊതു പാർക്കിങ്ങുകളോ റോഡരികോ ഇതിനായി ഉപയോഗിക്കരുതെന്നുമാണ് പുതിയ നിർദ്ദേശം. ഡെലിവറി വാഹനങ്ങളുടെ സൗകര്യത്തിനായി സ്ഥാപനങ്ങൾക്ക് മുന്നിൽ നോ പാർക്കിംഗ് ബോർഡുകൾ അനുവദിക്കില്ല. ഇത്തരം വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് കണ്ടെത്തണം. എമർജൻസി സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഫസ്റ്റ് എയ്ഡ് ബോക്സുകൾ സ്ഥാപനങ്ങൾ കരുതണമെന്നും നിർദ്ദേശത്തിലുണ്ട്. 400 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള റസ്റ്റോറന്റുകൾ ലൈസൻസുള്ള ഭക്ഷണ സംരക്ഷണ സംഘടനകളുമായി കരാർ ചെയ്യണം. മാലിന്യം കുറക്കുക. ഭക്ഷണം വെറുതെ കളയുക എന്നിവ ഒഴിവാക്കാനാണിത്. ഡെലിവറി മാത്രം ചെയ്യുന്ന സ്ഥാപനങ്ങൾ ഡെലിവറി ജീവനക്കാർക്ക് വിശ്രമ ഇടം ഒരുക്കണം. ഭക്ഷ്യ സുരക്ഷ, പരിസര മലിനീകരണം എന്നിവക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശത്തിലുണ്ട്. തണുപ്പിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ -12°C ന് താഴെ താപനിലയിൽ സൂക്ഷിക്കണം. ഭക്ഷ്യ ഉല്പന്നങ്ങൾക്കെതിരെ വരുന്ന പരാതികൾ പരിഗണിക്കണമെന്നും മുന്നറിയിപ്പ് നൽകി.
